തിരുവനന്തപുരം
ഗ്രീൻഫീൽഡിൽ വീണ്ടും മഴക്കളി. ഇത്തവണ കളി തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് സ്റ്റീവൻ സ്മിത്ത് വഴികാട്ടിയായി. വലംകൈയൻ ബാറ്ററുടെ അരസെഞ്ചുറി കരുത്തിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹത്തിൽ നെതർലൻഡ്സിനെതിരെ ഓസീസ് 167 റൺ വിജയലക്ഷ്യമുയർത്തി. എന്നാൽ മറുപടിക്കെത്തിയ നെതർലൻഡ്സ് 14.2 ഓവറിൽ 6–84 എത്തിനിൽക്കെ വീണ്ടും മഴയെത്തി. തുടർന്ന് അമ്പയർമാർ കളി ഉപേക്ഷിച്ചു. ഓസീസിനായി പേസർ മിച്ചെൽ സ്റ്റാർക് ഹാട്രിക് നേടി.
ഇരുപത്തിമൂന്ന് ഓവറാക്കി ചുരുക്കിയ കളിയിൽ ടോസ് നേടിയ കംഗാരുപ്പട ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റണ്ണടിച്ചു. സ്മിത്ത് 42 പന്തിൽ 55 റൺ നേടി.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്ക–-അഫ്ഗാൻ മത്സരം കനത്ത മഴകാരണം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇത്തവണ അഞ്ച് മണിക്കൂർ കഴിഞ്ഞാണ് കളി തുടങ്ങിയത്. ഓവർ വെട്ടിച്ചുരുക്കുകയും ചെയ്തു. ട്വന്റി 20ക്ക് സമാനമായ കളിയിൽ പക്ഷെ ഓസീസിന്റെ തുടക്കം തണുത്തതായിരുന്നു. ഒരറ്റം സ്മിത്ത് നിലയുറപ്പിച്ചപ്പോൾ ഓപ്പണർ ജോഷ് ഇംഗ്ലിസ് (0), ഗ്ലെൻ മാക്സ്വെൽ (5) എന്നിവർക്ക് താളം കണ്ടെത്താനായില്ല. അലെക്സ് കാരിയും (25 പന്തിൽ 28), കാമറൂൺ ഗ്രീനും (26 പന്തിൽ 34) പൊരുതി. ഓപ്പണർ ഡേവിഡ് വാർണർ കളത്തിൽ എത്തിയില്ല. സ്റ്റാർക് 22 പന്തിൽ 24 റണ്ണടിച്ചു. വൈകിയെത്തിയ മാർണസ് ലബുഷെയ്ൻ മൂന്ന് റണ്ണുമായി പുറത്താകാതെനിന്നു.
മറുപടിയിൽ സ്റ്റാർക്കിന്റെ തീപ്പന്തുകൾ ഡച്ചുകാരെ ചാമ്പലാക്കി. മാക്സ് ഒഡ്വോഡ്, വെസ്ലി ബരേസി, ബാസ് ഡെ ലീഡെ എന്നിവരെ പുറത്താക്കിയാണ് ഇടംകൈയൻ ഹാട്രിക് തികച്ചത്. മൂവർക്കും അക്കൗണ്ട് തുറക്കാനായില്ല. 37 പന്തിൽ 31 റണ്ണുമായി കോളിൻ അക്കെർമാൻ പുറത്താകാതെനിന്നു. സ്-കോട്ട് എഡ്വാർഡ്സ് 14 റണ്ണെടുത്തു. ഗ്രീൻഫീൽഡിൽ ഇന്ന് കളിയില്ല. നാളെ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ–-നെതർലൻഡ്സ് മത്സരം മൂന്നിനാണ്.