തിരുവനന്തപുരം
ഐഎസ്ആർഒയുടെ സൗരപര്യവേക്ഷണ ഉപഗ്രഹം ആദിത്യ എൽ1 ഒമ്പതു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിയുടെ സ്വാധീനവലയം പൂർണമായി കടന്ന് പേടകം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. സെപ്തംബർ രണ്ടിന് വിക്ഷേപിച്ച പേടകം 19നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് കുതിച്ചത്. ഇതിനിടയിൽ ത്രസ്റ്റർ ജ്വലിപ്പിച്ച് ഒരു തവണ പാത തിരുത്തി. സൂര്യന്റെ സ്വാധീനവലയത്തിലായതിനാൽ ഇനിയുള്ള യാത്ര നിർണായകമാണ്.
ജനുവരി ആദ്യവാരം ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ൽ ആദിത്യ എത്തും. ഇവിടെയുള്ള നിശ്ചിത ഭ്രമണപഥത്തിൽ ഉറപ്പിക്കുന്നതോടെ സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനം പേടകം ആരംഭിക്കും. അഞ്ചു വർഷമാണ് ദൗത്യകാലാവധി.
ചാന്ദ്രയാൻ 3:
സാധ്യത മങ്ങി
അതിനിടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമം ഐഎസ്ആർഒ തുടരുകയാണ്. ഇത് വിജയിക്കാനുള്ള സാധ്യത കുറവാണ്. ചന്ദ്രനിൽ പകൽ അവസാനിക്കാൻ മണിക്കൂറുകൾമാത്രം ശേഷിക്കേ കമാൻഡുകൾ തുടർച്ചയായി അയച്ച് അവസാനവട്ട ശ്രമം നടത്തുകയാണ് ശാസ്ത്രജ്ഞർ. 14 ദിവസത്തെ ദൗത്യ കാലയളവിൽ ലാൻഡറും റോവറും ശേഖരിച്ചയച്ച വിവരങ്ങളും ചിത്രങ്ങളും ശാസ്ത്രലോകം സൂക്ഷ്മമായി പഠിക്കുകയാണ്. ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെപ്പറ്റിയുള്ള വിവരങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്.