തിരുവനന്തപുരം
കോടതിയിൽ ഇഡി കൊടുത്ത തെറ്റായ റിപ്പോർട്ടും മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന വ്യാജ ആരോപണവും വിരൽചൂണ്ടുന്നത് എൽഡിഎഫിനെതിരായി നടക്കുന്ന ആസൂത്രിത നീക്കങ്ങളിലേക്ക്. എൽഡിഎഫിന്റെയും സംസ്ഥാന സർക്കാരിന്റെയും ജനകീയ അടിത്തറ തകർക്കാൻ കേന്ദ്രവും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ഒത്തൊരുമിച്ച് നീക്കം നടത്തുന്നെന്ന് വ്യക്തമാക്കുന്നതാണ് ദിവസങ്ങളായി കേരളത്തിൽ നടമാടുന്ന വാർത്താനാടകങ്ങളും ചർച്ചകളും. സിപിഐ എം നേതാക്കളെ എങ്ങനെയും ജയിലിലേക്ക് വലിച്ചിഴയ്ക്കണമെന്നു കരുതി വ്യാജ റിപ്പോർട്ടുകളുണ്ടാക്കി അത് വാർത്തയാക്കുകയാണ് ഇഡി. വൻകിട പിആർ ഏജൻസിയുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത നീക്കമാണ് അഖിൽ മാത്യുവിനെതിരായി കെട്ടിച്ചമച്ച കൈക്കൂലി ആരോപണം.
എം കെ കണ്ണനെ ചോദ്യം ചെയ്തത് സംബന്ധിച്ചും തുടർച്ചയായി പച്ചക്കള്ളങ്ങളാണ് മാധ്യമങ്ങളിലൂടെ ഇഡി പ്രചരിപ്പിച്ചത്. വിറയൽ അനുഭവപ്പെട്ടതിനാൽ ചോദ്യംചെയ്യൽ നിർത്തിയെന്നതും കള്ളമാണെന്ന് തെളിഞ്ഞു.
അഖിൽ മാത്യുവിനെതിരായ കൈക്കൂലി ആരോപണം ആലുവ കേന്ദ്രീകരിച്ച് പ്രതിപക്ഷ നേതാവിന്റെകൂടി സാന്നിധ്യത്തിൽ നടന്ന ആസൂത്രിത നീക്കമാണെന്ന ആക്ഷേപം ശരിവയ്ക്കുന്ന വിധത്തിലാണ് തെളിവുകൾ പുറത്തുവരുന്നത്. പ്രതിപക്ഷവും യുഡിഎഫ് മാധ്യമങ്ങളും അഖിൽ മാത്യുവിനെ കൈക്കൂലിക്കാരനാക്കിയും വീണാ ജോർജിനെ സംശയത്തിന്റെ നിഴലിലാക്കിയും പ്രചണ്ഡമായ പ്രചാരണമാണ് നടത്തിയത്. കൈക്കൂലി നൽകിയെന്ന് ആരോപിക്കപ്പെട്ട ദിവസം അഖിൽ പത്തനംതിട്ടയിലായിരുന്നതിന്റെ വീഡിയോ പുറത്തുവന്നതുകൊണ്ട് മാത്രമാണ് ഇതിന്റെ മുന ഒടിഞ്ഞത്. അതില്ലായിരുന്നെങ്കിൽ അഖിലിനെ കുറ്റക്കാരനാക്കി ശിക്ഷവിധിക്കാനും മാധ്യമങ്ങൾ മടിക്കില്ലായിരുന്നു. ഹരിദാസ് ആദ്യംമുതൽ പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായെങ്കിലും മാധ്യമങ്ങൾ കൈവിട്ടില്ല. തെളിവുകൾ ഒന്നും ഇല്ലാതെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതയാണെന്ന വിധത്തിലാണ് മാധ്യമങ്ങൾ മൂന്നുനാൾ കൊണ്ടാടിയത്. സെക്രട്ടറിയറ്റിൽ അഖിലിനെ കണ്ടെന്നു പറയുന്ന സമയം ഹരിദാസ് മാറ്റിപ്പറയുകയും ഇതുവരെ ആളെ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ മാധ്യമങ്ങൾ നാണംകെട്ട അവസ്ഥയിലായി.
സിസിടിവി വിവരങ്ങൾകൂടി വന്നതോടെ യുഡിഎഫ് മാധ്യമങ്ങളുടെ കള്ളക്കളി ഒരിക്കൽക്കൂടി തെളിഞ്ഞു. ഹരിദാസ് ‘സ്പോൺസേഡ് ’ പരാതിക്കാരനാണെന്നും ഗൂഢാലോചന നടത്തിയവർ ആരൊക്കെയെന്നും താമസിയാതെ പുറത്തുവരും.