തലശേരി
കേവല ദൃശ്യാനുഭവം മാത്രമല്ല ഈ ഡോക്യുമെന്ററി കാഴ്ചക്കാരന് നൽകുന്നത്. കമ്യൂണിസ്റ്റ് പാർടി പൊരുതിമുന്നേറിയ അരനൂറ്റാണ്ടിന്റെ ചരിത്രത്തിലേക്കുള്ള കിളിവാതിലാവുകയാണ് ‘കോടിയേരി ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി. ഒരുമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ജനഹൃദയങ്ങളിലിടം നേടിയ കോടിയേരിയുടെ സമരോത്സുക ജീവിതവും പോരാട്ടവും കാണാം. ആ സ്മരണയുടെ ഓരത്തുനിന്ന് കോടിയേരിയെ പ്രമുഖർ അനുസ്മരിക്കുമ്പോൾ 69ാം വയസിൽ അവസാനിച്ച കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ധന്യത നമ്മുടെ മനസ് തൊടും. വിദ്യാർഥി കാലംമുതൽ പയ്യാമ്പലത്തെ അന്ത്യയാത്രവരെ നീളുന്ന ജീവിതചിത്രങ്ങൾ വികാരവായ്പോടെയേ കണ്ടുനിൽക്കാനാകൂ.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ ഭാഷണത്തോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. കോടിയേരിയുടെ ജീവിതത്തിലൂടെ, പ്രധാന സംഭവങ്ങളിലൂടെ ദൃശ്യങ്ങൾ കടന്നുപോകുമ്പോൾ സഹനവും ത്യാഗവും ഇഴചേർന്ന ജീവിതമാണ് വെള്ളിത്തിരയിൽ തെളിയുന്നത്. തലശേരി മുകുന്ദ്മല്ലർ റോഡിൽ ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റതടക്കമുള്ള കോടിയേരിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഡോക്യുമെന്ററിയിലുണ്ട്. അത്യപൂർവമായ ഫോട്ടോകളും ചാനൽ അഭിമുഖങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എ കെ ആന്റണി, ടി പത്മനാഭൻ, എം വി ഗോവിന്ദൻ, സ്പീക്കർ എ എൻ ഷംസീർ, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, എം എ യൂസഫലി, സംവിധായകൻ പ്രിയദർശൻ, ചീഫ് സെക്രട്ടറി വി വേണു, ഡോ. അജുമാത്യു, ജേക്കബ് പുന്നൂസ്, ഹേമചന്ദ്രൻ, ബി സന്ധ്യ, ഡോ. കെ പി മോഹനൻ, സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ കോടിയേരിയെ അനുസ്മരിക്കുന്നു. സങ്കടനദിപോലെ ജനങ്ങൾ ഒഴുകിയ പയ്യാമ്പലത്തെ അന്ത്യയാത്രയുടെ നിമിഷങ്ങളോടെയാണ് അവസാനിക്കുന്നത്.
ജിത്തു കോളയാടാണ് രചനയും സംവിധാനവും. പ്രൊഫ. അലിയാരുടെ മുഴങ്ങുന്ന ശബ്ദം ഡോക്യുമെന്ററിയെ ശ്രദ്ധേയമാക്കുന്നു. ശ്രീകുമാർ എരുവട്ടിയാണ് സഹസംവിധാനം. സനൂപ് വായന്നൂർ എഡിറ്റിങ്ങും അക്ഷയ് എണസ്റ്റോ ഗ്രാഫിക്സും നിർവഹിക്കുന്നു. ഹരി തിരുമല, ധനശ്യാം എന്നിവരാണ് ക്യാമറ. ഞായറാഴ്ച തലശേരി പുതിയബസ്സ്റ്റാൻഡിലെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്യുമെന്ററി പുറത്തിറക്കും. പ്രദർശനവുമുണ്ടാകും.