കൊച്ചി
സംവിധായകൻ കെ ജി ജോർജിന്റെ അവസാന നാളുകളിൽ കുടുംബം അദ്ദേഹത്തെ കെെവിട്ടെന്ന സമൂഹമാധ്യമ പ്രചാരണം തള്ളി അദ്ദേഹം താമസിച്ച കാക്കനാടുള്ള സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ സ്ഥാപകൻ അലക്സ് പറഞ്ഞ വാക്കുകൾ വെെറലായിരുന്നു. “ഒരുഘട്ടം കഴിഞ്ഞാൽ വീടുകളിൽ രോഗികളെ നോക്കാൻപറ്റാത്ത അവസ്ഥയാകും. എഴുന്നേൽക്കാനും നടക്കാനും പറ്റാത്തവരുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ അവരെ സുരക്ഷിതമായി താമസിപ്പിച്ച് പ്രൊഫഷണലായി ശുശ്രൂഷ നൽകാൻ ഏജ്ഡ് കെയർ സെന്ററുകൾ സഹായിക്കും’. ഇതോടെ ജീവിതത്തിലെ അനിവാര്യതയായേക്കാവുന്ന വാർധക്യമെന്ന തുരുത്തിൽ ഒറ്റപ്പെടാതിരിക്കാൻ മനോഹരമായ ഒരിടം ഒരുക്കേണ്ടതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
2050ഓടെ ഇന്ത്യൻ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം ഇരട്ടിയാകുമെന്ന് കഴിഞ്ഞദിവസം യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യ ഏജിങ് റിപ്പോർട്ട് 2023 അനുസരിച്ച്, 60 വയസ്സും അതിനുമുകളിലേക്കും പ്രായമുള്ളവർ ജനസംഖ്യയുടെ 10.5 ശതമാനമാണ്. 2050ഓടെ ഇത് ജനസംഖ്യയുടെ 20.8 ശതമാനമായി ഉയരുമെന്നുമാണ് റിപ്പോർട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ലോക വയോജനദിനത്തിൽ വയോജനങ്ങൾക്ക് സുരക്ഷിതജീവിതം ഉറപ്പാക്കേണ്ടതിനെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടതും.
നിരവധിപേരാണ് ഇന്ന് തങ്ങളുടെ വാർധക്യകാലം ചെലവിടാൻ കെയർ സെന്ററുകൾ തെരഞ്ഞെടുക്കുന്നത്. മികച്ച സൗകര്യങ്ങളും ആരോഗ്യപരിചരണവും വീട്ടിലെന്നപോലെ കഴിയാനുള്ള അന്തരീക്ഷവുമാണ് പലയിടത്തുമുള്ളത്. കൃത്യസമയത്ത് ഭക്ഷണവും മരുന്നും ആവശ്യമുള്ള സമയങ്ങളിൽ ഡോക്ടറുടെ സേവനവുമെല്ലാം ലഭിക്കും.
“രണ്ടുപേരായിരുന്നു ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങിന്റെ ഭാഗമാകാൻ ആദ്യമെത്തിയത്. ഇപ്പോഴത് നൂറ്റമ്പതിൽ അധികമാണ്’– ആലുവ ചെമ്പറക്കിയിൽ പ്രവർത്തിക്കുന്ന ബ്ലെസ് റിട്ടയർമെന്റ് ലിവിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിജ ജിജോ പറയുന്നു.
‘മക്കൾ വിദേശത്തുള്ളവരും വീടുകളിൽ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാത്തവരുമെല്ലാം ബ്ലെസ് ഹോമിലേക്ക് എത്താറുണ്ട്. 2012ൽ സംരംഭം ആരംഭിക്കുന്ന സമയത്ത് പലരും നെറ്റിചുളിച്ചു. പ്രായമായവരെ ഉപേക്ഷിക്കാനുള്ള ഇടങ്ങളായാണ് പലരും വയോജനകേന്ദ്രങ്ങളെ കണ്ടത്. ആ ചിന്താഗതി പതിയെ മാറിവരുന്നുവെന്നാണ് ഞാൻ കരുതുന്നത്. കൂടുതൽപേർ ബ്ലെസ് ഹോംപോലുള്ള സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്നത് അതിന് തെളിവാണ്’– ലിജ പറഞ്ഞു.