കൊച്ചി
പുസ്തകമെഴുതാനുള്ള പദ്ധതി പത്തായത്തിലൊതുങ്ങി എന്നത് സാനുമാഷിന്റെതന്നെ പ്രയോഗമാണ്, അദ്ദേഹത്തിന്റെ ആത്മകഥയായ ‘കർമഗതി’യുടെ പതിനാലാം അധ്യായത്തിൽ. സി ജെ തോമസിന്റെ പ്രേരണയിൽ എഴുതിയ ലേഖനം പ്രമുഖ വാരികയിൽ വെളിച്ചം കാണാതിരുന്നതിനെക്കുറിച്ചായിരുന്നു ആ പ്രയോഗം. തുടർന്നുള്ള അധ്യായത്തിൽ തന്റെ എഴുത്തിൽ എപ്പോഴുമുണ്ടായിട്ടുള്ള ക്ലേശത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. തുടർന്നിങ്ങോട്ട് സാഹിത്യത്തിനും സമൂഹത്തിനും ബാധകമായതെല്ലാം എഴുതിയ സാനുമാഷിന്റേതായി അഞ്ഞൂറോളം രചനകൾ പിറന്നു.
കവിത, നാടകം, വേദാന്തം, ക്ലാസിക്കുകൾ തുടങ്ങിയവയുടെ പഠനനിരൂപണങ്ങൾമുതൽ ജീവചരിത്രങ്ങളും നോവലുംവരെ ഉൾപ്പെടുന്നതാണ് ആ എഴുത്തിന്റെ വൈവിധ്യലോകം. അവയാകെ ക്രമീകരിച്ച് 12 വാല്യങ്ങളിലായി സമാഹരിച്ചതിന്റെ പ്രകാശനമാണ് ഒക്ടോബർ രണ്ടിന് പകൽ 3.30ന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.
പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ച് മനസ്സിൽ സ്വരൂപിച്ചിരുന്ന അഭിപ്രായങ്ങൾ വിമർശനരൂപത്തിലാക്കിയാണ് സാനു എഴുത്താരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രമെഴുതാനുള്ള വകകളാണ് ആദ്യ ഗ്രന്ഥരചനയ്ക്കായി ശേഖരിച്ചതെങ്കിലും എഴുതിയത് മറ്റൊരു ജീവചരിത്രം. പകർച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ പ്രവർത്തിച്ച ആൽബർട്ട് ഷ്വൈറ്റ്സറുടെ. അദ്ദേഹത്തെക്കുറിച്ചുള്ള പത്രവാർത്തയാണ് 1967ൽ ആ രചനയ്ക്ക് പ്രേരണയായത്. 10,347 പേജുകളിലായുള്ള സമ്പൂർണ കൃതികളുടെ 6, 7, 8, 9 വാല്യങ്ങളിൽ സാനു എഴുതിയ ജീവചരിത്രങ്ങളാണ്. സഹോദരൻ അയ്യപ്പൻമുതൽ ചാവറയച്ചൻവരെ നിരവധിപേരുടെ ജീവചരിത്രങ്ങൾ ഇതിലുണ്ട്.
സാനു ലോപമില്ലാതെ എഴുതിയത് ഗുരുവിനെക്കുറിച്ചാണ്. 1976ൽ പുറത്തുവന്ന ജീവചരിത്രംമുതൽ 2000ൽ പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു എന്ന ബാലസാഹിത്യകൃതിവരെയുള്ള പുസ്തകങ്ങളും ലേഖനങ്ങളുമാണ് അഞ്ചാംവാല്യത്തിലുള്ളത്. മറ്റ് വാല്യങ്ങളുടെ ക്രമീകരണം ഇങ്ങനെ: വാല്യം–- 1 കല എന്ന സമസ്യ (കലാസാഹിത്യ ചിന്ത, സൗന്ദര്യദർശനം, വിമർശനം എന്നിവയുടെ സമാഹാരം), 2–- കാവ്യപ്രപഞ്ചം (കവിത, ചെറുകഥ, നോവൽ പഠനം), 3–- മൃത്യുഞ്ജയം കാവ്യജീവിതം (കുമാരനാശാൻ കൃതികൾ, ജീവിതദർശനം), 4–- നാടകാന്തം കവിത്വം (നാടകപഠനങ്ങൾ), 10–- ഉന്നതാത്മാക്കളുടെ ആത്മാർപ്പണം (ലഘു ജീവിതരേഖകൾ), 11–- വായനക്കപ്പുറം (സാനുവിന്റെ യാത്രാനുഭവങ്ങൾ, കുറിപ്പുകൾ, ചിന്തകൾ), 12–- മാനവികതയുടെ സങ്കീർത്തനം (ആത്മകഥ, 2021ൽ എഴുതിയ കുന്തീദേവി എന്ന നോവൽ, കഥകൾ, വിവർത്തനങ്ങൾ).
പ്രൊഫ. എം തോമസ് മാത്യുവാണ് സമാഹാരത്തിന്റെ ജനറൽ എഡിറ്റർ. സാമൂഹ്യ സംരംഭക സഹകരണ സംഘമായ സമൂഹ് ആണ് പ്രസാധകർ.