തിരുവനന്തപുരം
അടിപ്പാതകളും മേൽപ്പാലങ്ങളും ഉൾപ്പെടെ സംസ്ഥാനത്ത് 2560 കോടിരൂപയുടെ ദേശീയപാത പ്രവൃത്തികൾക്ക് അനുമതി. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ദേശീയപാത അതോറിറ്റിയാണ് നിർമാണം നടത്തുക. മണ്ണുത്തി -ഇടപ്പള്ളി, വാളയാർ- വടക്കഞ്ചേരി ദേശീയപാതയിൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ എട്ടിടത്ത് അടിപ്പാത നിർമിക്കും. കാസർകോട്- തലപ്പാടി, തിരുവനന്തപുരം- കാരോട് ദേശീയപാതയിലെ നാലു സ്ഥലത്തെ വികസനപ്രവർത്തനങ്ങൾക്കും അംഗീകാരമായി. തിരുവനന്തപുരത്തെ ഈഞ്ചയ്ക്കൽ മേൽപ്പാലം, ആനയറ അടിപ്പാത, തിരുവല്ലത്തെ സർവീസ് റോഡ് പാലം, പൂവാറിനു സമീപം അടിപ്പാത എന്നിവയ്ക്ക് അനുമതി ലഭിച്ചു. വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. സർവേ നടത്തിയ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്കും അനുമതി നൽകി. വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കാൻ നടപടിയായി. അതോറിറ്റിയുടെ കീഴിൽ നാഷണൽ ഹൈവേ ഒറിജിനൽ (എൻഎച്ച്-ഒ) എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്.
3 പദ്ധതിയിൽ
തീരുമാനമെടുക്കേണ്ടത് കേന്ദ്രം
വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ്, എറണാകുളം ബൈപാസ്, ഇടമൺ -കടമ്പാട്ടുകോണം ദേശീയപാത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇനിയുള്ള പദ്ധതികളിൽ സ്ഥലം ഏറ്റെടുപ്പിനായി തുക അനുവദിക്കണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി സംസ്ഥാനത്തെ അറിയിച്ചിരുന്നു. പകരം നിർമാണവസ്തുക്കളുടെ ജിഎസ്ടിയും മണ്ണിന്റെയും കല്ലിന്റെയും റോയൽറ്റിയും ഒഴിവാക്കണം. ഇത് അംഗീകരിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്ല.
136 കോടിയുടെ സംസ്ഥാന പദ്ധതിക്ക് അനുമതി
സംസ്ഥാനത്തെ റോഡ്,- പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പശ്ചാത്തലവികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചത്.
പതിനെട്ട് റോഡിന് 114 കോടി രൂപയും രണ്ടു പാലത്തിന് 22.73 കോടി രൂപയും അനുവദിച്ചു. പൊതുമരാമത്തുവകുപ്പ് സമർപ്പിച്ച പദ്ധതികൾ പരിശോധിച്ചശേഷമാണ് അംഗീകാരം നൽകിയത്. സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.