തിരുവനന്തപുരം
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരുമാണെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി. ജനാധിപത്യത്തിന്റെ ഗുണനിലവാരം അളക്കുന്നത് ജനസംഖ്യയുടെ വലിപ്പം നോക്കിയാകരുത്. എന്തുതരം ജനാധിപത്യമാണ് രാജ്യത്ത് നിലനിൽക്കുന്നത് എന്നതാകണം അതിന്റെ മാനദണ്ഡമെന്നും ഓൾ ഇന്ത്യ പ്രോഗ്രസീവ് ഫോറം ദേശീയ സെമിനാർ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ കാര്യങ്ങൾ ഭരണകൂടത്തിന്റെതന്നെ നേതൃത്വത്തിൽ അരങ്ങേറുന്ന രാജ്യം എങ്ങനെയാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന വിശേഷണത്തിന് അർഹമാകുക? ജനങ്ങളെ കേൾക്കുക എന്നതായിരുന്നു നെഹ്റുവിന്റെ രീതി. പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം കേൾക്കാനാണ് അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. എന്നാൽ, ഇപ്പോൾ തന്ത്രപ്രധാന ബില്ലുകൾപോലും ഒരുവിധ ചർച്ചയോ കൂടിയാലോചനകളോ ഇല്ലാതെ ഏകപക്ഷീയമായി പാസാക്കുന്നു. നിയമനിർമാണസഭ എന്നതിനുപകരം നിയമ അംഗീകാരസഭ എന്ന പേരാണ് കുറേക്കൂടി ചേരുക. രാജ്യത്തിന് മതമില്ലെന്നും ഒരു പ്രത്യേക മതത്തിന്റെയും പിൻബലം ഭരണകൂടത്തിന് ആവശ്യമില്ലെന്നുമാണ് മതേതരത്വത്തിന്റെ അർഥം. മതബന്ധമായ ഒരു രാജ്യത്ത് ജനാധിപത്യം എങ്ങനെ പുലരും.
നിയമസഭ പാസാക്കിയ ബിൽ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് ഒരധികാരവുമില്ല. ബിൽ പാസാക്കി അംഗീകാരത്തിനു നൽകിയാൽ ഗവർണർക്ക് ചെയ്യാവുന്ന ഒന്നുകിൽ ബിൽ അംഗീകരിക്കാം, അല്ലെങ്കിൽ വ്യക്തമായ കാരണമുണ്ടെങ്കിൽ തിരിച്ചയക്കാം. അതേ ബിൽതന്നെ വീണ്ടും നൽകിയാൽ അംഗീകരിക്കണം. എന്നാൽ, ബിൽ പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല. നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കുമീതെ അടയിരിക്കുന്ന ശൈലി ഗവർണർമാരുടെ പക്ഷപാതിത്വത്തെയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എഐപിഎഫ് സൗത്ത് ചാപ്റ്റർ തയ്യാറാക്കിയ ‘പശ്ചിമഘട്ട സംരക്ഷണവും ജനജീവിതവും’ എന്ന ഗ്രന്ഥം പി ഡി ടി ആചാരി പ്രകാശിപ്പിച്ചു. ദേശീയ വർക്കിങ് പ്രസിഡന്റ് വിജയകുമാർ മാർല അധ്യക്ഷനായി. സെമിനാർ തിങ്കളാഴ്ച സമാപിക്കും.