തിരുവനന്തപുരം
പുനഃസംഘടനയുടെ ഭാഗമായി ക്രൈസ്തവ വിഭാഗത്തിൽനിന്ന് കൂടുതൽ യുവനേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള മുൻധാരണയിൽനിന്ന് കെപിസിസി പിന്മാറുന്നു. ഹൈബി ഈഡനെയും റോജി എം ജോണിനെയും ഭാരവാഹി സ്ഥാനങ്ങൾ നൽകി നേതൃനിരയിലേക്കെത്തിക്കാനായിരുന്നു തീരുമാനം. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിനിടയിൽ ബിജെപി കടന്നുകയറാൻ ശ്രമിച്ചതിനെ തുടർന്നാണിത്. എന്നാൽ, ഇപ്പോൾ ക്രിസംഘികൾ വേണ്ടത്ര വളരുന്നില്ലെന്ന വിലയിരുത്തലിലാണ് പിന്മാറ്റം. വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ ഇവരെ കൊണ്ടുവരാനായിരുന്നു ആലോചന. ഇതൊഴിവാക്കി കെ സുധാകരന്റെ അനുയായി മാത്യു കുഴൽനാടനെ ട്രഷറർ സ്ഥാനത്തേക്കും എഐസിസി വക്താവ് ഷമ മുഹമ്മദിനെ സംസ്ഥാനത്ത് കൂടുതൽ ഉത്തരവാദിത്വത്തിലേക്കും പരിഗണിക്കുന്നുണ്ട്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി ടി തോമസിനെ കൂടാതെ പ്രവർത്തക സമിതിയിലെത്തിയ കൊടിക്കുന്നിലിനെ നീക്കി രണ്ട് ഒഴിവ് ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. കെ സി ജോസഫും കെ സി വേണുഗോപാലിന്റെ ആളായ എ പി അനിൽകുമാറും പകരം വന്നേക്കും.
രാഷ്ട്രീയകാര്യ സമിതിയിലേക്കും ഇവരുടെ പേരുണ്ടാകും. അഞ്ച് ഒഴിവാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന കാരണത്താൽ മുല്ലപ്പള്ളിയെ ഒഴിവാക്കിയാൽ ഒരാളെക്കൂടി ഉൾപ്പെടുത്തും. പക്ഷേ, അതിന് ഹൈക്കമാൻഡിന്റെ അനുമതി വേണ്ടിവരും. ചെന്നിത്തലയെ വിട്ട് വി ഡി സതീശനൊപ്പം നിൽക്കുന്ന ബിന്ദുകൃഷ്ണ, പത്മജ വേണുഗോപാൽ എന്നിവരും പട്ടികയിലുള്ളവരാണ്. എല്ലാ മേഖലയിലും അവഗണിക്കുകയാണെന്ന പരാതി കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജയും ഉന്നയിക്കുന്ന സാഹചര്യവുമുണ്ട്. ശശി തരൂർ, എം കെ രാഘവൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരെയും ഉൾപ്പെടുത്തിയേക്കും.
രാഷ്ട്രീയകാര്യസമിതിയും കെപിസിസിയും ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുനഃസംഘടിപ്പിക്കണമെന്നാണ് നേതൃതലത്തിൽ ധാരണയായിട്ടുള്ളതെങ്കിലും കാര്യമായ തർക്കം ഉടലെടുത്താൽ നീട്ടിവയ്ക്കാനാണ് സാധ്യത. ഒഴിവുകളുള്ളതിന്റെ നാലിരട്ടി നേതാക്കൾ വിവിധ സ്ഥാനങ്ങളിലേക്ക് ചരടുവലിക്കുന്നുണ്ടെന്നതിനാൽ രാഷ്ട്രീയകാര്യ സമിതിയുടെ എണ്ണം വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാനും ശ്രമമുണ്ട്.