ദുബായ് > ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ 36 വാഹനങ്ങൾ ദുബായ് പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിക്കുക, റോഡിനു കേടുപാട് വരുത്തുക, വാഹനത്തിന്റെ എൻജിനിലോ രൂപത്തിലോ അനധികൃതമായി മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക, പൊതു റോഡുകളിൽ മാലിന്യം തള്ളുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവരെയാണ് പിടികൂടിയതെന്ന് കേണൽ അൽ ഖാഇദി പറഞ്ഞു.
പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാൻ 50,000 ദിർഹം നൽകണം. അപകടകരമായി വാഹനമോടിക്കുകയോ റോഡ് നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് തടവും പിഴയും ലഭിക്കുമെന്നും കേണൽ അൽ ഖാഇദി ഓർമിപ്പിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബായ് പൊലീസ് ആപ് ‘പൊലീസ് ഐ’ ഓപ്ഷനിലൂടെയോ 901 നമ്പറിൽ വിളിച്ചോ അറിയിക്കണമെന്നും പൊതു ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.