മനാമ> ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദൈബിയയിൽ തുറന്നു. 40,000 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസുഫലി സന്നിഹിതനായി.
ഉദ്ഘാടന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബഹ്റൈന്റെ പുരോഗതിക്ക് ലുലു ഗ്രൂപ്പ് നൽകുന്ന ശക്തമായ പിന്തുണയെ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അഭിനന്ദിച്ചു.
എല്ലാ ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളോടും കൂടിയതാണ് പുതിയ സ്റ്റോറെന്ന് മാനേജ്മെന്റ് അറിയിച്ചു. സൂപ്പർമാർക്കറ്റ്, മികച്ച ഗുണനിലവാരമുള്ള മാംസം,മൽസ്യം, മറ്റ് കടൽ വിഭവങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും മികച്ച ശേഖരം, പലചരക്ക് അവശ്യവസ്തുക്കൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്നിവ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഷോപ്പിങ് നടത്താൻ പറ്റുന്ന വിധത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ, ഇലക്ട്രോണിക്സ് ഹബ്ബായ ലുലു കണക്റ്റ്, ജനപ്രിയ ഹൈ-സ്ട്രീറ്റ് ഫാഷൻ ഔട്ട്ലെറ്റായ ലുലു ഫാഷൻ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് മനേജ്മെന്റ് അറിയിച്ചു.
ബഹ്റൈനിൽ മൂന്നു ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും: എംഎ യൂസഫലി
ബഹ്റൈനിൽ മൂന്നു ലുലു ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസുഫലി പറഞ്ഞു. മനാമ സെന്റർ, അവന്യൂ മാൾ, ദിയാറുൽ മുഹറഖ് എന്നിവിടങ്ങളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്. ഗുദൈബിയയിൽ ലുലു ഗ്രൂപ്പിന്റെ ബഹ്റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘടാന ചടങ്ങിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം തന്നെ അവ തുറക്കാനുള്ള പ്രവർത്തനം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.