തൃശൂർ> മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് കർഷകർക്ക് പിഴ നോട്ടീസ് നൽകിയ സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ തീരുമാനം നിയമപരമായി പുനപ്പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യത്തിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം സർക്കാരിനില്ല. കേസിൽ കർഷകർ കബളിപ്പിക്കപ്പെട്ടുവെന്ന പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ പിഴ അടക്കേണ്ട ഉത്തരവാദിത്തം ആർക്കാണ് എന്ന കാര്യത്തിൽ നിയമത്തിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരള ലാന്റ് കൺസർവൻസി ആക്ട് പ്രകാരം ക്വാസി ജുഡീഷ്യൽ അധികാരമുള്ള തഹസിൽദാറുടെ ഭാഗത്ത് നിന്നുണ്ടായ നിയമപരമായ നടപടിക്രമത്തിന്റെ ഭാഗമായാണ് പിഴ നോട്ടീസ് നൽകിയത്. ഇതിനെതിരേ ആദ്യം ആർഡിഒക്കും തുടർന്ന് ജില്ലാ കലക്ടർക്കും അപ്പീൽ ബോധിപ്പിക്കാനുള്ള അവസരം നിയമപ്രകാരം കർഷകർക്കുണ്ട്. ആവശ്യമായ ഘട്ടത്തിൽ ഉത്തരവ് പുനപ്പരിശോധിക്കാനും നടപടികൾ തിരുത്താനുമുള്ള അധികാരം സർക്കാരിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാറുടെ ഉത്തരവ് നിയമപരമായി പുനപ്പരിശോധിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കലക്ടറുടെ നടപടിയിലും നീതി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ സർക്കാർ ഇടപെടേണ്ട പ്രശ്നം വരുന്നുള്ളൂ. ആവശ്യമായ ഘട്ടത്തിൽ സർക്കാർ വേണ്ട ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.