കൊച്ചി> വരയിലൂടെയും എഴുത്തിലൂടെയും എഴുപതാണ്ടിലേറെയായി മലയാളത്തിന് ചിരിമധുരം പകർന്ന കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട് പാലച്ചുവടിലെ വീട്ടിൽ 7.13നായിരുന്നു മരണം.
തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് ജനനം. എസ് സുകുമാരൻ പോറ്റി എന്നാണ് ശരിയായ പേര്. 1950ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 1957ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തും വരയും തുടര്‍ന്നു. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്.
നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവാണ്. ഹാസമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി. മകൾ: സുമംഗല.