കോഴിക്കോട്> കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധ ജില്ലകളിലെ ആഡംബര ഹോട്ടലുകളിൽ ദിവസങ്ങളോളം മുറിയെടുത്ത് താമസിച്ച് വാടക കൊടുക്കാതെ മുങ്ങുന്ന മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. വടക്കാങ്കര അറക്കൽ ഹൗസിൽ മുഹമ്മദ് ഷിബിലി(28)യാണ് നടക്കാവ് പൊലീസിന്റെ പലടലയിലായത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വ്യാജ ഐഡി കാർഡും ഓൺലൈനിൽനിന്ന് എടുത്ത നിരവധി കേസുകളുടെ എഫ്ഐആർ പകർപ്പും മറ്റ് രേഖകളും ഇയാളിൽനിന്ന് കണ്ടെടുത്തു. ‘ലോഹം’ സിനിമ കണ്ട് ആകൃഷ്ടനായാണ് ഈ രീതിയിലെ തട്ടിപ്പ് നടത്താൻ തുടങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
റോ, എൻഐഎ തുടങ്ങി വിവിധ കേന്ദ്ര ഏജൻസികളിൽ ഉദ്യോഗസ്ഥനാണെന്നും കേസിന്റെ ആവശ്യത്തിനായി എത്തിയതാണെന്നും കുറച്ചുദിവസം ഇവിടെയുണ്ടാകുമെന്നും പറഞ്ഞാണ് ആഡംബര ഹോട്ടലുകളിൽ ദിവസങ്ങളോളം മുറിയെടുക്കുന്നത്. ആദ്യദിവസങ്ങളിൽ വാടക നൽകുകയും വിവിധ കാരണങ്ങൾ പറഞ്ഞ് മറ്റു ദിവസങ്ങളിലെ തുക നൽകാതെ മുങ്ങുകയുമാണ് പതിവ്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിനുസമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
പ്രതി മുമ്പും പല തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാട്രിമോണിയൽ കോളങ്ങളിൽനിന്ന് രണ്ടാം വിവാഹത്തിനുള്ളവരുടെ നമ്പറും വിലാസവും ശേഖരിച്ചശേഷം വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധിപേരിൽനിന്ന് ഇതര സംസ്ഥാനങ്ങളിൽനിന്ന് ചുരുങ്ങിയ ചെലവിൽ ഗ്രാനൈറ്റ്, മാർബിൾ എന്നിവ എത്തിച്ചുനൽകാമെന്നുപറഞ്ഞ് പണം തട്ടിയിട്ടുണ്ട്. എസ്ഐമാരായ എൻ ലീല, പി രമേശൻ, എഎസ്ഐ ശശികുമാർ, സിപിഒമാരായ എം വി ശ്രീകാന്ത്, കെ രാജേഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരും അന്വഷണ സംഘത്തിലുണ്ടായി.