ന്യൂഡൽഹി
‘‘സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണം’’– ഒന്നര ദശകത്തിലേറെയായി കർഷകപ്രക്ഷോഭങ്ങളിലെ അടിസ്ഥാന മുദ്രാവാക്യമാണിത്. രാജ്യത്തെ ഏതു ഗ്രാമത്തിലെയും കർഷകർ ഉയർത്തുന്ന ആവശ്യം. രാജ്യമെമ്പാടും സഞ്ചരിച്ച് കാർഷികമേഖലയെക്കുറിച്ചും കർഷകരുടെ ദുരിതങ്ങൾ സംബന്ധിച്ചും റിപ്പോർട്ട് ചെയ്ത പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായിനാഥും സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണിത്.
എന്താണ് സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്?
കർഷക ആത്മഹത്യകൾ പെരുകിയ സാഹചര്യത്തിൽ, ഒന്നാം യുപിഎ സർക്കാർ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ 2004 നവംബറിൽ എം എസ് സ്വാമിനാഥൻ അധ്യക്ഷനായി ദേശീയ കർഷക കമീഷൻ രൂപീകരിച്ചു. ഒരു വർഷത്തിനകം കമീഷൻ അഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. കാർഷിക വിളകൾക്ക് മൊത്തം ഉൽപ്പാദനച്ചെലവ് കണക്കാക്കി അതിന്റെ 50 ശതമാനംകൂടി ചേർത്ത് മിനിമം താങ്ങുവില ഉറപ്പാക്കുക, പൊതുസംഭരണം കാര്യക്ഷമവും വിപുലവുമാക്കുക, സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കുക, മിച്ചഭൂമി കർഷകന് വിതരണം ചെയ്യുക, എല്ലാ വിളകൾക്കും ഇൻഷുറൻസ് ബാധകമാക്കുക, കർഷകരിലെ ആത്മഹത്യ പ്രവണത തടയാൻ സാമൂഹിക ഇടപെടൽ നടത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ഇടതുപക്ഷ പാർടികളുടെ സമ്മർദത്തിൽ ഒന്നാം യുപിഎ സർക്കാർ ശുപാർശകൾ പരിമിതമായി നടപ്പാക്കി. രണ്ടാം യുപിഎ സർക്കാർ ഉദാരവൽക്കരണം തീവ്രമാക്കിയതോടെ കർഷകരുടെ വരുമാനം ഇടിയുകയും വ്യാപകമായി കടക്കെണിയിൽ കുടുങ്ങുകയും ചെയ്തു. 1995–-2014 കാലത്ത് മൂന്നരലക്ഷത്തോളം കർഷകർ രാജ്യത്ത് ജീവനൊടുക്കിയെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്ക്. അപ്പോഴാണ് 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി മോഹന വാഗ്ദാനം നൽകിയത്. ബിജെപിക്ക് അധികാരം ലഭിച്ചാൽ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരം മിനിമം താങ്ങുവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. വർഗീയ ധ്രുവീകരണത്തോടൊപ്പം ഈ വാഗ്ദാനവും, 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിക്കസേരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പക്ഷേ, മോദിയും കൂട്ടരും വാഗ്ദാനം മറന്നു. ഇതേത്തുടർന്ന് രാജ്യവ്യാപകമായി കർഷകപ്രക്ഷോഭങ്ങളുണ്ടായി.
വിശപ്പകറ്റാൻ പ്രയത്നിച്ച
ധിഷണ
കടുത്ത ഭക്ഷ്യക്ഷാമം രാജ്യത്തെ തുറിച്ചുനോക്കിയ ഘട്ടത്തിലാണ് ഡോ. എം എസ് സ്വാമിനാഥൻ ‘ഇന്ത്യൻ ഹരിതവിപ്ലവം’ എന്ന് ചരിത്രം വിശേഷിപ്പിച്ച മഹാപ്രതിഭാസത്തിന് തുടക്കംകുറിച്ചത്. ‘കുറച്ച് ഭൂമിയിൽ കൂടുതൽ വിളവുണ്ടാക്കി കൂടുതൽ വയറുകൾ നിറയ്ക്കുക’–- ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വെയിലും മഴയും വകവയ്ക്കാതെ പ്രയത്നിച്ച കർഷകർ ലക്ഷ്യം യാഥാർഥ്യമാക്കാൻ അദ്ദേഹത്തെ സഹായിച്ചു.
പരമ്പരാഗത ഗോതമ്പ് വകഭേദങ്ങൾ 4.5–- അഞ്ച് അടി വളരുമെങ്കിലും തണ്ടുകൾ ദുർബലമായതിനാൽ കതിരുകൾ കനംവയ്ക്കുമ്പോൾ ചെടികൾ നിലംപറ്റുന്നത് പതിവായിരുന്നു. കുറഞ്ഞ ഡോസ് വളങ്ങൾ താങ്ങാനേ അവയ്ക്ക് ശേഷിയുണ്ടായിരുന്നുള്ളൂ. പ്രതിരോധശേഷിയുള്ളതും കൂടുതൽ ഡോസ് വളം താങ്ങാൻ ശേഷിയുള്ളതും മികച്ച വിളവ് നൽകുന്നതുമായ ഗോതമ്പ് വകഭേദങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ഡോ. സ്വാമിനാഥൻ തിരിച്ചറിഞ്ഞു. വിഖ്യാത കാർഷികശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ‘നോറിൻ–-10’ൽ മെക്സിക്കൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭേദഗതി വരുത്തി കൂടുതൽ വിളവ് ഉറപ്പുനൽകുന്ന വകഭേദങ്ങൾ സൃഷ്ടിച്ച കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
നോർമൻ ബോർലോഗിനോട് പുതിയ ഇനങ്ങളുടെ വിത്തുകൾ ഇന്ത്യക്ക് നൽകാൻ അപേക്ഷിച്ച് കത്തയച്ചു. 1963 മാർച്ചിൽ ഇന്ത്യയിലെത്തിയ ബോർലോഗ് സ്വാമിനാഥനൊപ്പം ഉത്തരേന്ത്യ സന്ദർശിച്ചു. 1963 ഒക്ടോബറിൽ മെക്സിക്കോയിൽനിന്ന് നാല് ഗോതമ്പ് ഇനം ബോർലോഗ് ഇന്ത്യക്ക് കൈമാറി. 1963– -64ൽ യുപി, പഞ്ചാബ്, ബിഹാർ പാടങ്ങളിൽ ഈ വിത്തുകൾ വിതച്ചു. വലിയ വിളവുണ്ടായി. പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയിൽപ്പോലും കർഷകർക്ക് ഹെക്ടറിന് നാല്–- 4.5 ടൺ വിളവ് ലഭിച്ചതോടെ ഇന്ത്യയുടെ ഹരിതവിപ്ലവമെന്ന സ്വപ്നം യാഥാർഥ്യമായി.