തിരുവനന്തപുരം
സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തനമികവിന് തുടർച്ചയായ മൂന്നാംവർഷവും കേരള ബാങ്കിന് ദേശീയ പുരസ്കാരം. സഹകരണമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ–- -ഓപ്പറേറ്റീവ് ബാങ്ക് നൽകുന്ന അവാർഡിനാണ് കേരള ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, വിഭവ സമാഹരണവും വികസനവും, ബാങ്കിങ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമാർജനം, സാമ്പത്തിക സാക്ഷരതാ രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണനേട്ടം, ഭരണനൈപുണ്യം, വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ ബാങ്കിങ് രംഗത്തും കൈവരിച്ച നേട്ടം തുടങ്ങിയവയാണ് അവാർഡിന് പരിഗണിക്കുന്നത്.
ജയ്പുരിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ സഹകരണ സെക്രട്ടറി ശ്രേയ ഗുഹ അവാർഡ് വിതരണം ചെയ്തു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ എന്നിവർ ഏറ്റുവാങ്ങി. ഗോപി കോട്ടമുറിക്കലിനെ നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ–- -ഓപ്പറേറ്റീവ് ബാങ്ക് സ്ഥിരം ഭരണസമിതി അംഗമായി തെരഞ്ഞെടുത്തു