വാഷിങ്ടൺ
അവിചാരിതമായി 371 ദിവസം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയേണ്ടിവന്ന ബഹിരാകാശയാത്രികര്‍ ഒടുവില്‍ സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. നാസയുടെ ഫ്രാങ്ക് റുബിയോ, റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സർജി പ്രോകോപിയേവ്, ദിമിത്രിപെട്ലിൻ എന്നിവരാണ് തിരിച്ചെത്തിയത്. സോയൂസ് 23 പേടകത്തിലാണ് മൂവരും കാസാഖ്സ്ഥാനിൽ ഇറങ്ങിയത്. ഒറ്റ ദൗത്യത്തിൽ ഏറ്റവും കൂടുതൽ കാലം നിലയത്തിൽ ചെലവഴിച്ച അമേരിക്കകാരനെന്ന റെക്കോര്‍ഡിന് ഫ്രാങ്ക് ഉടമയായി. 180 ദിവസത്തെ ദൗത്യം പൂർത്തീകരിക്കാനായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ച മൂവർക്കും 371 ദിവസം അവിടെ ചെലവിടേണ്ടി വരികയായിരുന്നു. നിലയത്തിൽ റഷ്യൻഭാഗത്ത് ഘടിപ്പിച്ചിരുന്ന യാത്രായാനമായ സോയൂസ് 22ൽ കഴിഞ്ഞ വർഷം ഡിസംബറിൽ ബഹിരാകാശമാലിന്യം ഇടിച്ച് ചോർച്ച കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാനാണ് ഇവര്‍ പോയത്. പേടകം കേടായതോടെയാണ് തിരിച്ചുവരവ് നീണ്ടത്. 2022 സെപ്തംബർ 21നാണ് ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.