ദോഹ> പ്രവാസി ക്ഷേമ പ്രവര്ത്തനങ്ങളില് പ്രാദേശിക കൂട്ടായ്മകളുടെ പങ്ക് ഏറെ വലുതാണെന്ന് മാധ്യമപ്രവര്ത്തകനും പ്രഭാഷകനുമായ ഡോ: താജ് ആലുവ അഭിപ്രായപ്പെട്ടു. ‘കരുതലാവണം പ്രവാസം’ എന്ന പ്രമേയത്തില് ഖത്തര് വാണിമേല് പ്രവാസി ഫോറം നടത്തിവരുന്ന ഇരുപതാം വാര്ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ലീഡേഴ്സ് മീറ്റില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസത്തിലെ സമ്പത്തും സമയവും ആസൂത്രിതമായും ക്രിയാത്മകമായും ഉപയോഗപ്പെടുത്താന് സാധിക്കണം. സമ്പാദ്യ ശീലങ്ങള് പ്രവാസ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും പ്രവാസികളെ ഇതില് ബോധവല്ക്കരിക്കുന്നതിലും ഇത്തരം അവസരങ്ങള് സൃഷ്ടിക്കുന്നതിനും പ്രാദേശിക കൂട്ടായ്മകള് മുന്നോട്ടുവരണമെന്നും ഡോ: താജ് ആലുവ പറഞ്ഞു. സംഘടനയെക്കുറിച്ചും അനുയായികളെ കുറിച്ചും ദീര്ഘവീക്ഷണവും കാഴ്ചപ്പാടുമുള്ള നേതാക്കന്മാര്ക്ക് ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില് ഖത്തര് വാണിമേല് പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തില് അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് ഇന്ഷുറന്സ് സ്കീമിന്റെ രണ്ടാംഘട്ട അംഗത്വ ക്യാമ്പയിന് ടി. ആരിഫില് നിന്നും അപേക്ഷ ഫോറം സ്വീകരിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രവാസി ഫോറം പ്രസിദ്ധീകരിക്കുന്ന ‘കടല് ദൂരം’ വാര്ഷികപ്പതിപ്പിന്റെ പോസ്റ്റര് വൈസ് പ്രസിഡണ്ട് അംജദ് വാണിമേലിന് നല്കി ഡോ: താജ് ആലുവ നിര്വഹിച്ചു.
സ്പോര്ട്സ് പ്രോഗ്രാമുകളുടെ പ്രഖ്യാപനം ഉപദേശക സമിതി ചെയര്മാന് പൊയില് കുഞ്ഞമ്മദ് നിര്വഹിച്ചു. ഡോക്ടര് താജ് ആലുവക്കുള്ള ഉപഹാരം പ്രവാസി ഫോറം മുന് പ്രസിഡണ്ട് എന്.കെ കുഞ്ഞബ്ദുള്ള നല്കി. ജനറല് സെക്രട്ടറി കെ കെ സുബൈര് സ്വാഗതവും ട്രഷറര് സി. കെ ഇസ്മായില് സമാപന പ്രസംഗവും നടത്തി. ഹാഷിം തങ്ങള് ഖിറാഅത്ത് നടത്തി