ഹാങ്ചൗ
സിഫ്റ്റ് കൗർ സമ്രയ്ക്കു മുന്നിൽ ഒരു ചോദ്യമാണ് ഉണ്ടായിരുന്നത്. ഡോക്ടറാകണോ ഷൂട്ടറാകണോ? സ്റ്റെതസ്കോപ്പിന് പകരം തോക്കെടുക്കണോ? അധികം ആലോചിക്കാൻ നിന്നില്ല. മെഡിക്കൽ പഠനം അവസാനിപ്പിച്ച് തോക്ക് എടുത്തു. വീട്ടുകാർ ആദ്യം അമ്പരന്നുപോയെങ്കിലും പഞ്ചാബി പെൺകുട്ടിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
ഏഷ്യൻ ഗെയിംസിൽ ലോക റെക്കോഡോടെ സ്വർണവും വെള്ളിയും നേടിയാണ് ഇരുപത്തിരണ്ടുകാരി ശ്രദ്ധ നേടുന്നത്. ഫരീദ്കോട്ടിലെ ജിജിഎസ് മെഡിക്കൽ കോളേജിൽ പഠനം തുടങ്ങി ഒരുവർഷത്തിനുശേഷമാണ് തന്റെ വഴി ഇതല്ലെന്ന തിരിച്ചറിവുണ്ടാകുന്നത്. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ അവിചാരിതമായി ഷൂട്ടിങ് പരിശീലിച്ചുതുടങ്ങിയതാണ്. പിന്നെ അതിന്റെ രസമറിഞ്ഞ് ഒപ്പംകൂട്ടി. നിർണായകഘട്ടത്തിൽ ഉചിത തീരമാനമെടുത്തത് എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. ഡൽഹിയിലെ ഡോ. കാർണിസിങ് ഷൂട്ടിങ് റേഞ്ചിൽ ദിപാലി ദേശ് പാണ്ഡെയുടെ കീഴിലാണ് പരിശീലനം.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സമ്പൂർണാധിപത്യത്തോടെയാണ് സുവർണനേട്ടം. എതിരാളിയായ ചൈനയുടെ ലോക ചമ്പ്യൻ സാങ് ക്വിയോങ് യുവിനെക്കാൾ 7.3 പോയിന്റ് വ്യത്യാസത്തിലാണ് സ്വർണം നേടിയത്. സിഫ്റ്റിന്റെ 469.6 ലോക റെക്കോഡായി. പഴയ റെക്കോഡിനെക്കാൾ 2.6 വ്യത്യാസം. യോഗ്യതാ റൗണ്ടിൽ ഗെയിംസ് റെക്കോഡിട്ടശേഷമാണ് ഫൈനലിൽ ലോക നിലവാരത്തിലുള്ള പ്രകടനം.