കണ്ണൂർ
അവധിയിൽ നാട്ടിലെത്തുന്ന സൈനികർ മോദിസർക്കാരിന്റെ നയങ്ങൾ നാട്ടുകാരോട് വിശദീകരിച്ച് അഭിപ്രായരൂപീകരണം നടത്തണമെന്ന് കരസേന. നാട്ടിൽനിന്ന് തിരിച്ചെത്തിയാലുടൻ ഇതിന്റെ റിപ്പോർട്ട് ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറണം. സൈനികസേവനത്തിനൊപ്പം പട്ടാളക്കാർ കേന്ദ്രസർക്കാരന്റെ അംബാസിഡർമാരായി മാറണമെന്നും നിർദേശമുണ്ട്. ദേശീയോദ്ഗ്രഥനത്തിനായാണ് ഇതെന്നാണ് അവകാശവാദം. എന്നാൽ മോദിസർക്കാരിന്റെ പ്രചാരകരായി സൈനികരെ മാറ്റുകയാണ് ലക്ഷ്യം.
രണ്ടു മാസത്തെ വാർഷികാവധിക്ക് നാട്ടിലെത്തുന്ന സൈനികർ ദേശസ്നേഹം വളർത്തുന്ന സാമൂഹ്യസേവനത്തിൽ ഏർപ്പെടണം. ജനങ്ങളുമായി സൈനികർ സംവദിക്കേണ്ട കേന്ദ്രസർക്കാർ പദ്ധതികളുടെ പട്ടികയും നിർദേശിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാൻ, സർവശിക്ഷാ അഭിയാൻ, സമഗ്ര ശിക്ഷ, ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ, ആയുഷ്മാൻ ഭാരത് യോജന, ജൻഔഷധി കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങളാണ് നാട്ടുകാരിലെത്തിക്കേണ്ടത്.
ചില ഇൻഷൂറൻസ് പദ്ധതികളുടെ ഗുണങ്ങളും പ്രചരിപ്പിക്കണം. നാഷണൽ പെൻഷൻ സ്കീം(എൻപിഎസ്), അടൽ പെൻഷൻ യോജന, ലൈവ്സ്റ്റോക്ക് ഇൻഷൂറൻസ്, രാഷ്ട്രീയ സ്വാസ്ത് ഭീമാ യോജന, ദീൻദയാൽ ഗ്രാമീൺ കൗസല്യ യോജന, ഗ്രാംജ്യോതി യോജന ഇൻഷുറൻസ് പദ്ധതികളാണ് മോദിയുടെ നേട്ടങ്ങളായി ഉയർത്തിക്കാട്ടേണ്ടത്.
യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും സൈനികർ ജനാഭിപ്രായമാരായണം. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന രാജസ്ഥാനിലും കേരളത്തിലും പഞ്ചാബിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കണമെന്നും കരസേന ഉത്തരവിലുണ്ട്. ബിജെപി ബ്രാൻഡുചെയ്യുന്ന ദേശീയതയുടെ ഏജൻസികളായി യൂണിഫോം സേനകളെ ഉപയോഗിക്കുകയാണ് മോദി സർക്കാർ. സൈനികരെ അർധ ബിജെപി പ്രവർത്തകരാക്കുകയും മോദിയുടെ രാഷ്ട്രീയ അംബാസിഡർമാരാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.