തിരുവനന്തപുരം
ചൊവ്വയുടെ നേർത്ത അന്തരീക്ഷത്തിൽ അറുപതാമതും പറന്ന് ഇൻജന്യൂറ്റി മാർസ് ഹെലിക്കോപ്റ്റർ. 2.13 മിനിറ്റ് പറന്ന ഈ കുഞ്ഞൻ ഹെലിക്കോപ്റ്റർ 20 മീറ്റർ ഉയരത്തിലെത്തി. തുടർന്ന് 340 മീറ്റർ അകലെ സുരക്ഷിതമായി ഇറങ്ങി. നാസയുടെ ചൊവ്വാ പര്യവേക്ഷണ റോവറായ പെഴ്സിവറൻസ് ദൗത്യ ഭാഗമാണ് ഇൻജന്യൂറ്റി. അഞ്ചു തവണ പറക്കാനായി മാത്രം രൂപകൽപ്പനചെയ്ത ഇത് ചരിത്രം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ തവണ 20 മീറ്റർ ഉയരത്തിൽ പറന്നിരുന്നു. അതിനു മുൻപ് 18 മീറ്ററും. ടോ എയർഫീൽഡ് എന്ന പേരിലുള്ള സ്ഥലത്തിറങ്ങിയ ഇൻജന്യൂറ്റി അടുത്ത പറക്കലിനു തയ്യാറെടുക്കുകയാണ്.
2021 ഏപ്രിൽ 19 നായിരുന്നു ആദ്യ പറക്കൽ. ഇതുവരെ 13.3 കിലോമീറ്റർ പറന്നു. 2020 ജൂലൈ 30 ന് ആയിരുന്നു പെഴ്സിവറൻസ് വിക്ഷേപണം. 2021 ഫെബ്രുവരി 18 ന് ചൊവ്വയുടെ ജസിറോ ഗർത്തത്തിലിറങ്ങി. ചൊവ്വയുടെ പ്രതലം, അന്തരീക്ഷം തുടങ്ങിയവയെ പറ്റി നിരവധി വിവരങ്ങളും ചിത്രങ്ങളും റോവർ ഇതിനോടകം ലഭ്യമാക്കി. സ്വയം നിയന്ത്രിത സംവിധാനം ഉപയോഗിച്ച് കഴിഞ്ഞ ദിവസം റോവറിന്റെ സഞ്ചാരം വിജയകരമായി. ഇൻജന്യൂറ്റി ഹെലിക്കോപ്റ്ററും നിരവിധ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യൻ വംശജനും നാസ ജെറ്റ് പ്രപ്പൽഷൻ ലാബിലെ ചീഫ് എൻജിനിയറുമായ ജെ ബോബ് ബലറാമാണ് ഇൻജന്യൂറ്റി രൂപകൽപ്പന ചെയ്തത്.