ന്യൂഡൽഹി
ഉഭയകക്ഷി ബന്ധം താറുമാറായതോടെ ഉത്തരേന്ത്യയിലെ പ്രധാന ഭക്ഷണ വിഭവമായ ദാൽ കറിക്കുള്ള ചുവന്ന പരിപ്പിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വെട്ടിക്കുറച്ച് ക്യാനഡ. പൗരന്മാർക്കുള്ള വിസ നിരോധിച്ചും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയുമുള്ള ഇന്ത്യൻ നടപടിക്ക് മറുപടിയെന്നോണമാണ് ക്യാനഡയുടെ നടപടി.
പ്രോട്ടീൻ സമ്പുഷ്ടമായ ചുവന്ന പരിപ്പിന്റെ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ക്യാനഡയിൽനിന്നാണ്. വിളവെടുപ്പ് കുറഞ്ഞതിന് പിന്നാലെ ക്യാനഡയിൽനിന്നുള്ള ഇറക്കുമതി പ്രതിസന്ധിയിലായതോടെ ആഭ്യന്തര വിപണിയിൽ പരിപ്പിന്റെ വില ഉയരുമെന്ന് ആശങ്കയുണ്ട്. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് പിന്നാലെ കയറ്റുമതിയിൽ ആറുശതമാനത്തോളം ഇടിവുണ്ടായി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2022–-23ല് 4,85,492 മെട്രിക് ടൺ ചുവന്നപരിപ്പ് ക്യാനഡയിൽനിന്നെത്തിച്ചു. ഇത് ആകെ ഇറക്കുമതിയുടെ 50 ശതമാനത്തിന് മുകളിലാണ്. ഏപ്രിൽമുതൽ ജൂലൈവരെമാത്രം മുൻവർഷത്തെ അപേക്ഷിച്ച് 420 ശതമാനം ഇറക്കുമതി വർധിച്ചിരിക്കേയാണ് പുതിയ സംഭവവികാസം.
പ്രതിവർഷം 24ലക്ഷം മെട്രിക് ടൺ ചുവന്ന പരിപ്പ് ഇന്ത്യ ഉപയോഗിക്കുന്നു. എന്നാൽ, ആഭ്യന്തര ഉൽപ്പാദനം 1.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഓസ്ട്രേലിയ, റഷ്യ എന്നിവിടങ്ങളിൽനിന്ന് പരിപ്പ് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.