ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇനി ദിവസങ്ങൾ മാത്രം ബാക്കി. നാളെമുതൽ സന്നാഹമത്സരങ്ങളാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെയുള്ള വമ്പൻമാർ അവസാന തയ്യാറെടുപ്പിലാണ്. ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ 10 ടീമുകളാണ് രംഗത്ത്. ടീമുകളുടെ ഒരുക്കങ്ങളിലേക്ക്…
അഹമ്മദാബാദിൽ ഒക്ടോബർ അഞ്ചിന് ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുമ്പോൾ ആശങ്കകളൊന്നുമില്ല ഇംഗ്ലണ്ട് ടീമിന്. ഏകദിന ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യൻമാരുടെ നിര അത്രയും സന്തുലിതമാണ്. ജോസ് ബട്ലർ നയിക്കുന്ന ടീമിൽ കൂറ്റനടിക്കാരും മികച്ച ബൗളർമാരും ഓൾ റൗണ്ടർമാരുമുണ്ട്.
കഴിഞ്ഞതവണ സ്വന്തംതട്ടകത്തിൽ നടന്ന ലോകകപ്പിലായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടവിജയം. തോൽപ്പിച്ചത് ന്യൂസിലൻഡിനെ. അന്നുണ്ടായിരുന്ന ടീമിൽ ക്യാപ്റ്റൻ ഇയോവിൻ മോർഗൻ ഉൾപ്പെടെ പലരും ഇപ്പോഴില്ല. ആ ടീമിനെക്കാൾ കരുത്തുറ്റ നിരയാണ് ഇക്കുറി. അന്നത്തെ ഫൈനലിലെ ഹീറോ ബെൻ സ്റ്റോക്സ് വിരമിക്കൽ തീരുമാനം മാറ്റി തിരിച്ചെത്തിയിട്ടുണ്ട്. അവസാന കളിയിൽ ന്യൂസിലൻഡിനെതിരെ 182 റണ്ണടിച്ചാണ് ലോകകപ്പിനുള്ള ഒരുക്കം ഈ ഓൾ റൗണ്ടർ പൂർത്തിയാക്കിയത്.
ക്യാപ്റ്റൻ ബട്ലർ ഏതൊരു ബൗളറുടെയും പേടിസ്വപ്നമാണ്. ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, ഹാരി ബ്രൂക്ക്, സാം കറൻ തുടങ്ങി മികച്ച ബാറ്റിങ് നിര. ഇതിൽ മൊയീനും കറനും ലിവിങ്സ്റ്റണും പന്തുമെറിയും. ജാസൺ റോയിക്ക് പകരം അവസാന നിമിഷമാണ് ബ്രൂക്ക് ടീമിൽ ഇടംപിടിച്ചത്.മാർക് വുഡ്, ക്രിസ് വോക്സ്, റീസെ ടോപ്ലി, ഡേവിഡ് വില്ലി എന്നിവരുൾപ്പെട്ട പേസ് നിരയും മികച്ചത്. സ്പിന്നർമാരായി ആദിൽ റഷീദും മൊയീനും. സെമിയിലേക്ക് അനായാസം മുന്നേറാനാകുമെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), മൊയീൻ അലി, ഗസ് അട്കിൻസൺ, ജോണി ബെയർസ്റ്റോ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മലാൻ, ആദിൽ റഷീദ്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, റീസെ ടോപ്ലി, ഡേവിഡ് വില്ലി, മാർക് വുഡ്, ക്രിസ് വോക്സ്.
ഇംഗ്ലണ്ട്
ക്യാപ്റ്റൻ: ജോസ് ബട്ലർ
ആകെ ലോകകപ്പ് –- 12
ചാമ്പ്യൻമാർ–-2019
റണ്ണറപ്പ്–-1979, 1987, 1992