തൃശൂർ
കേരളത്തിലെ സഹകരണ സംഘങ്ങളെ തകർക്കാനുള്ള ബിജെപി അജൻഡ നടപ്പാക്കാൻ എഐസിസി അംഗവും മുൻ എംഎൽഎയുമായ അനിൽ അക്കര അമിതാവേശം കാട്ടുന്നതായി പരാതി. ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ ഭാരവാഹികളായ കോൺഗ്രസ് നേതാക്കൾ എഐസിസിക്ക് പരാതി നൽകി. സംസ്ഥാന സർക്കാരിനെതിരെ ബിജെപി എന്തെല്ലാം ആയുധമാക്കുന്നുവോ, അതെല്ലാം അനിൽ അക്കര ഏറ്റെടുക്കുകയാണ്. ഇത് ജില്ലയിൽ കോൺഗ്രസിന്റെ സർവനാശത്തിന് വഴിവെക്കുമെന്ന് പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്തോട് ആലോചിക്കാതെ വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി ആരോപിച്ച് സിബിഐക്ക് പരാതി നൽകി. പരാതി കിട്ടിയ അന്നുതന്നെ ബിജെപി നേതൃത്വത്തിന്റെ നിർദേശ പ്രകാരം സിബിഐ കേസ് എടുത്തു. ലൈഫ്മിഷനെ പുകമറയിൽ നിർത്താനുള്ള ബിജെപി നിർദേശം അനിൽഅക്കര നടപ്പാക്കുകയായിരുന്നു. ഫ്ളാറ്റ് നിർമാണം നിലച്ചതോടെ 144 കുടുംബങ്ങൾ പെരുവഴിയിലായി. ഇത് ജില്ലയിൽ കോൺഗ്രസിന് തന്നെ വലിയ തരിച്ചടിയായി. വടക്കാഞ്ചേരിയിൽ അനിൽ അക്കരയുൾപ്പെടെ ജില്ലയിൽ 13 ൽ 12 നിയമഭാമണ്ഡലങ്ങളിലും തോറ്റു.
കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ക്രമക്കേട് സംബന്ധിച്ച് 2019 ൽ റിപ്പോർട്ട് പുറത്തുവന്നു. ഇപ്പോൾ വിഷയം ഉന്നയിക്കുന്ന അനിൽ അക്കര എന്തുകാണ്ട് അന്ന് ഉയർത്തിയില്ല. തൃശൂർ പാർലമെന്റ് സീറ്റ് അഭിമാന പട്ടികയിൽ ബിജെപി ഉൾപ്പെടുത്തിയതോടെ സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കാൻ സഹകരണ മേഖലയെ ഉപയോഗിക്കുകയാണ്. ഈ മേഖലയെ തകർക്കുക ബിജെപി ലക്ഷ്യംകൂടിയാണ്. അതിന് അനിൽ അക്കരയെ പാലമാക്കി. കരുവന്നൂർ കേസിൽ ഒരു വർഷം കാത്തിരുന്നശേഷം സിപിഐ എം നേതാക്കളെ പ്രതികളാക്കാൻ ഇഡി വ്യഗ്രതകാട്ടുന്നതും അജൻഡയുടെ ഭാഗമാണ്. അടാട്ട് ഫാർമേഴ്സ് സഹകരണസംഘത്തിൽനിന്നും കുടംബത്തിന്റെ 25 ലക്ഷം ഓവർഡ്രാഫ്റ്റ്വായ്പ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എഴുതിതള്ളാൻ ഇടപെട്ട അനിൽ അക്കര സഹകരണ അഴിമതിക്കെതിരെ രംഗത്തുവരുന്നത് വിരോധാഭാസമാണെന്നും പരാതിയിൽ പറഞ്ഞു.