തിരുവനന്തപുരം
സായുധസേനയേയും മാധ്യമപ്പടയേയും മുന്നിൽ നിർത്തി ഇഡി സഹകരണ മേഖലയിൽ നടത്തുന്ന പരിശോധനയ്ക്കും അറസ്റ്റ് നാടകത്തിനും പിന്നിലെ ലക്ഷ്യം ഇടപാടുകാരെ അകറ്റൽ. സഹകരണ മേഖലയിലെ അഞ്ച്ലക്ഷം കോടി സ്വകാര്യബാങ്കിലും മൾട്ടി സംഘങ്ങൾക്കും വീതിച്ചെടുക്കാൻ അവസരമൊരുക്കുകയാണ്. മുംബൈ കേന്ദ്രമായ ആറ് കോർപറേറ്റ് ബാങ്കുകളുടെ നിക്ഷേപ–-വായ്പ ലക്ഷ്യം പൂർത്തിയാക്കൽ, നൂറുകണക്കിന് പുതിയ ബ്രാഞ്ച് തുറക്കൽ, മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കുകളുടെ എണ്ണം കൂട്ടൽ എന്നിവയാണ് മുഖ്യതാൽപ്പര്യം.
കേരളത്തിലെ അയ്യായിരത്തിനടുത്ത് സഹകരണ ബാങ്കുകളിൽ പത്ത് എണ്ണത്തിൽ പോലും ഗൗരവതരമായ പ്രശ്നങ്ങളില്ലെന്നിരിക്കെ ഈ മേഖലയാകെ അഴിമതിയാണെന്ന് വരുത്തിതീർക്കുകയാണ്. സഹകരണമേഖലയുടെ സാമ്പത്തികശേഷി കോർപറേറ്റുകൾക്ക് അപഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് 2020 സെപ്തംബറിൽ പാർലമെന്റിൽ പാസാക്കിയ ബാങ്കിങ് നിയമഭേദഗതി. 4745 സഹകരണ സംഘങ്ങളിൽ 1604 പ്രാഥമിക സംഘങ്ങളാണ്. 3100ൽ പരം സംഘം പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ തൊഴിലും, വരുമാനവും ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. മോശമായി പ്രവർത്തിക്കുന്ന സംഘങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തി അവ തിരികെ കൊണ്ടുവരുന്ന നടപടി സർക്കാർ ചെയ്യുന്നുണ്ട്. കരുവന്നൂരിലും സർക്കാരും സിപിഐ എമ്മും രാഷ്ട്രീയ പരിഗണനയില്ലാതെ നടപടിയെടുത്തു, നിക്ഷേപകർക്ക് പണം നൽകാൻ ഏർപ്പാടുകൾ ചെയ്തു. 75 കോടി രൂപ തിരിച്ചുനൽകി.
സ്വകാര്യ ബാങ്കുകൾ ഗുണ്ടാസംഘത്തെ വച്ച് പണംപിരിക്കുന്നതോ, ഇവരുടെ ഭീഷണിമൂലം ഇടപാടുകാർ ആത്മഹത്യ ചെയ്യുന്നതോ മുഖ്യവാർത്തയാക്കാത്ത മാധ്യമങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി സഹകരണമേഖലയെ തകർക്കാൻ കൂട്ടുനിൽക്കുകയാണ്. രണ്ടര ലക്ഷം കോടി നിക്ഷേപവും അത്രയും തുക വായ്പയുമുണ്ട് കേരളത്തിലെ സഹകരണ മേഖലയിൽ. സാധാരണക്കാരുടെ ജനനം മുതൽ മരണം വരെയുള്ള ഏതാവശ്യത്തിനും മിതമായ പലിശനിരക്കിൽ സുതാര്യമായ ഇടപാടുവഴി പണംനൽകുന്നു. നൂറുകണക്കിന് ഗ്രാമങ്ങളിൽ സഹകരണ ബാങ്ക്വഴി പുതിയ സ്ഥാപനങ്ങളും തൊഴിലും അഭിവൃദ്ധിയുമുണ്ടായി.