കോഴിക്കോട്
സഹകരണസംഘങ്ങളെ ഇഡി വേട്ടയാടുമ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ലക്ഷ്യമിട്ട് യുഡിഎഫ് അനുകൂല പത്രം. ‘ടെൻഡർ ഏതായാലും കരാർ ഊരാളുങ്കലിന് തന്നെ’ എന്നാണ് കഴിഞ്ഞ ദിവസം ഇവർ കൊടുത്ത വാർത്ത. കേരളത്തിന്റെ അഭിമാന സ്ഥാപനത്തെ തകർത്ത് വൻകിട കരാറുകാർക്ക് കൊള്ളലാഭം കൊയ്യാൻ അവസരം ലഭിക്കാത്തതിന്റെ നിരാശയാണ് വാർത്തയ്ക്ക് പിന്നിൽ. എന്നാൽ, പത്രവ്യവസായത്തിന് നൽകുന്ന ഇളവുകൾക്ക് സമാനമാണ് തൊഴിലാളി സഹകരണസംഘങ്ങൾക്കുള്ളതും. ടെൻഡറുകളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുന്നത് പത്ത് ശതമാനം സാമ്പത്തിക മുൻഗണനയാണ്. ഇത് അവരുടെ അവകാശമാണ്. ടെൻഡറിൽ ലേബർ സൊസൈറ്റികൾ ചെറിയ വ്യത്യാസത്തിൽ രണ്ടാമത് ആയാലും അവസരം നൽകാനാണിത്. ഉയർന്ന മൂലധനമുള്ള ഊരാളുങ്കലിന് ഇത് നൽകരുതെന്നാണ് യുഡിഎഫ് അനകൂല പത്രത്തിന്റെ വാദം. സംസ്ഥാന സർക്കാരും കെഎസ്ഇബിയും കെഎസ്ആർടിസിയും കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ഊരാളുങ്കൽ. 18,000 പേർ ജോലി ചെയ്യുന്നു.
രാജ്യത്തിന് മാതൃക
അഴിമതിരഹിതമായും സമയബന്ധിതമായും ഗുണമേന്മയിലും ചെലവുകുറച്ചും നിർമാണം നടത്തുന്ന മാതൃക രാജ്യത്തിന് പരിചയപ്പെടുത്തിയ സ്ഥാപനമാണ് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഊരാളുങ്കൽ. മിച്ചംവന്ന പണം സർക്കാരിന് തിരികെ നൽകുന്ന സവിശേഷ മാതൃകയും സൃഷ്ടിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ ലേബർ സൊസൈറ്റിയാണ്.
പഞ്ചവത്സരപദ്ധതിയിലെ
നിർദേശം
രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് നിർമാണങ്ങളും പൊതുമരാമത്തുപണിയും ലേബർ കോൺട്രാക്ട് സംഘങ്ങളെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 1957-ൽ ഇ എം എസ് മന്ത്രിസഭ ഓരോ ബ്ലോക്കിലും തൊഴിലാളികളുടെ കരാർ സംഘം രൂപീകരിക്കാൻ തീരുമാനിച്ചത്. ഓൾ ഇന്ത്യ കോ ഓപ്പറേറ്റീവ് പ്ലാനിങ് കമ്മിറ്റിയുടെ ശുപാർശപ്രകാരം ഇറക്കിയ ഉത്തരവിൽ സൊസൈറ്റികൾക്ക് കരാറുകളിൽ മുൻഗണന നൽകണമെന്ന് നിർദേശിച്ചിരുന്നു. മികവുതെളിയിച്ച തൊഴിലാളിസംഘങ്ങളെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം അക്രഡിറ്റ് ചെയ്യാനും തീരുമാനവുമുണ്ടായി. കാലാകാലം പരിഷ്കരിക്കുന്ന നിശ്ചിതതുകവരെ ടെൻഡർ കൂടാതെ കരാർ നൽകാൻ വ്യവസ്ഥചെയ്യുന്ന അക്രഡിറ്റേഷൻ 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് നടപ്പാക്കിയത്. 40 സർക്കാർ ഏജൻസികളും ലേബർ സൊസൈറ്റികൾ ഉൾപ്പെടെ ആറ് സർക്കാരിതര ഏജൻസികൾ അക്രഡിറ്റേഷൻ പട്ടികയിലുണ്ട്.