ന്യൂഡൽഹി
കലാപാന്തരീക്ഷം രൂക്ഷമായ മണിപ്പുരിൽ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറു മാസംകൂടി നീട്ടി. തീവ്രവാദ സംഘടനകളെയും കലാപകാരികളെയും നിയന്ത്രിക്കാൻ സൈന്യത്തിന്റെ സഹായം സിവിൽ ഭരണാധികാരികൾക്ക് വേണ്ടിവന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ നടപടികളിൽ സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കും പൂർണ പരിരക്ഷ നൽകുകയും ചെയ്യുന്ന നിയമമാണ് അഫ്സ്പ. ഇംഫാലിലെ അടക്കം 19 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെ അഫ്സ്പയിൽനിന്ന് ഒഴിവാക്കി.
മെയ്ത്തീ വിഭാഗത്തിലെ രണ്ടു വിദ്യാർഥികൾ ക്രൂരമായി കൊല്ലപ്പെടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിനെത്തുടർന്ന് ഇംഫാലടക്കം സംഘർഷഭരിതമാണ്. മുഖ്യമന്ത്രിയുടെ വീട്ടിലേക്കടക്കം പല ഭാഗങ്ങളിലും മാർച്ച് നടത്തിയ വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡുകൾ പ്രയോഗിച്ചു. 150ലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു.
പുതിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വീണ്ടും ഇന്റർനെറ്റ് സേവനം നിരോധിച്ചു. കൊല്ലപ്പെട്ട രണ്ടു മെയ്ത്തീ വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വീണ്ടും ഇന്റർനെറ്റ് വിലക്കിയത്. ബുധനാഴ്ച തൗബാൽ ജില്ലയിലെ ബിജെപി മണ്ഡലം ഓഫീസിന് ആൾക്കൂട്ടം തീയിട്ടു. മണിപ്പുരിലെ കലാപം നിയന്ത്രിക്കാൻ കഴിവില്ലാത്ത ബിജെപി മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.