തിരുവനന്തപുരം
പേഴ്സണൽ സ്റ്റാഫംഗത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പേരിലാണ് തട്ടിപ്പ്. ആയുഷില്‍ താൽക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടത്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മന്ത്രി തിരിച്ചെത്തിയതോടെ പരാതി എഴുതിത്തരാൻ നിർദേശിച്ചു.
എന്നാൽ, കഴിഞ്ഞ 13ന് രജിസ്റ്റേഡ് തപാലായി ഹരിദാസൻ എന്നയാളിൽനിന്നാണ് പരാതി ലഭിച്ചത്. ഇദ്ദേഹത്തിന്റെ മരുമകൾക്ക് ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി നിയമനം നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതായാണ് ആരോപണം. പത്തനംതിട്ട സ്വദേശി അഖിൽ സജീവനാണ് പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ് സഹായിയായിരുന്ന അഖിൽ സജീവനെ സാമ്പത്തിക തിരിമറിയെത്തുടർന്ന് രണ്ട് വർഷംമുമ്പ് ചുമതലകളിൽനിന്ന് നീക്കിയിരുന്നു. പരാതിയിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമുണ്ടെന്ന് പറഞ്ഞതനുസരിച്ച് അഖിൽ മാത്യുവിനോട് മന്ത്രി വിശദീകരണം തേടി.
തന്റെ പേര് മനപ്പൂർവം വലിച്ചിഴച്ചതാണെന്ന് അഖിൽ പറഞ്ഞു. ഇതോടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഡിജിപിക്ക് പരാതി നൽകി. അഖിൽ മാത്യു കന്റോൺമെന്റ് പൊലീസിലും പരാതി നൽകി. ആൾമാറാട്ടം നടന്നതായി ബുധനാഴ്ച കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി അഖിൽ മൊഴി നൽകി.
ഇ– മെയിൽ വിലാസവും വ്യാജം
കൈക്കൂലിവാങ്ങി ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറാക്കാമെന്നുപറഞ്ഞ് തട്ടിപ്പ്നടത്തിയ സംഭവത്തിൽ നിയമന ഉത്തരവ് ലഭിച്ചെന്നു പറയുന്ന ഇ–- മെയിലും വ്യാജം. ജില്ലാ മിഷന്റെ ഔദ്യോഗിക മെയിൽ ഐഡി dpmayushmlp@gmail.com ആണ്. ഉദ്യോഗാർഥിക്ക് ഇതിൽനിന്നല്ല മെയിൽ വന്നത്. ലോഗോ ആകട്ടെ നാഷണൽ ഹെൽത്ത് മിഷന്റേതും. ജില്ലകളിൽ താൽക്കാലിക നിയമനം നടത്തുന്നതിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലെന്നിരിക്കെയാണ് മലപ്പുറത്ത് ഡോക്ടറും കുടുംബവും കബളിപ്പിക്കപ്പെട്ടത്. ഇ–- മെയിൽ സന്ദേശത്തിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ നമ്പർ സി-29/2023/എംഎൽപി/എൻഎഎം എന്നതാണ്. ഇത് കഴിഞ്ഞ മാർച്ച് എട്ടിന് പിജി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷയാണ്. ഈ പോസ്റ്റിൽ നേരത്തേതന്നെ നിയമനവും നടന്നു. എന്നാൽ, പരാതിക്കാരി അപേക്ഷ നൽകിയത് ബിരുദ യോഗ്യതയിലുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ്. ഇവർക്ക് മേൽപ്പറഞ്ഞ നോട്ടിഫിക്കേഷൻ നമ്പർ പ്രകാരം അപേക്ഷിക്കാനുള്ള യോഗ്യതയുമില്ല.