കൊച്ചി
മലയാളസിനിമയെ കാലത്തിനുമുമ്പേ നടത്തിയ ചലച്ചിത്രകാരൻ കെ ജി ജോർജിന് കലാകേരളത്തിന്റെ യാത്രാമൊഴി. മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ചലച്ചിത്ര, സാംസ്കാരിക മേഖലകളിലെ പ്രമുഖരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് 4.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു സംസ്കാരം.
ഞായർ രാവിലെ കാക്കനാട്ടെ വയോജനകേന്ദ്രത്തിൽ അന്തരിച്ച കെ ജി ജോർജിന്റെ മൃതദേഹം ചൊവ്വ പകൽ പതിനൊന്നിനാണ് ടൗൺഹാളിൽ എത്തിച്ചത്. ഭാര്യ സെൽമ, മക്കളായ അരുൺ, താര, സഹോദരൻ സാം ഉൾപ്പെടെ കുടുംബാംഗങ്ങളും ബന്ധുക്കളും ടൗൺഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരികമന്ത്രി സജി ചെറിയാൻ, വ്യവസായമന്ത്രി പി രാജീവ്, കലക്ടർ എന്നിവർക്കുവേണ്ടി എഡിഎം എസ് ഷാജഹാൻ പുഷ്പചക്രം അർപ്പിച്ചു.
സംവിധായകരായ ജോഷി, സിബി മലയിൽ, കമൽ, ബി ഉണ്ണിക്കൃഷ്ണൻ, ബ്ലെസി, വേണു, പ്രിയനന്ദനൻ, റാഫി, മെക്കാർട്ടിൻ, സോഹൻ സീനുലാൽ, തിരക്കഥാകൃത്തുക്കളായ രൺജി പണിക്കർ, എസ് എൻ സ്വാമി, ബെന്നി പി നായരമ്പലം, നിർമാതാക്കളായ സുരേഷ്കുമാര്‍, ഡേവിഡ് കാച്ചപ്പിള്ളി, സിയാദ് കോക്കർ, ആന്റോ ജോസഫ്, സാബു ചെറിയാൻ, സിനിമാതാരങ്ങളായ ജലജ, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, ഹരിശ്രീ അശോകൻ, ലാൽ, ഷൈൻ ടോം ചാക്കോ, ജോജു ജോര്‍ജ്, രവീന്ദ്രന്, തെസ്നിഖാൻ, സീമ ജി നായർ, സംഗീതസംവിധായകൻ ഇഗ്നേഷ്യസ്, മേയർ എം അനിൽകുമാർ, പ്രൊഫ. കെ വി തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, ജോസ് തെറ്റയിൽ, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്, കെ ബാബു തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. താരസംഘടനയായ അമ്മയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു റീത്ത് സമർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കൊച്ചി ന്യൂസ് എഡിറ്റർ എ ശ്യാം അന്ത്യോപചാരമർപ്പിച്ചു.
.jpg)
‘യവനിക’യിലെ നായിക ജലജ അന്ത്യാഞ്ജലി അർപ്പിക്കുന്നു. സമീപം സംവിധായകൻ സോഹൻ സീനുലാൽ