തിരുവനന്തപുരം
സഹകരണമേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് സുരക്ഷ ഉറപ്പ് നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ഗ്യാരന്റിയാണ് ബോർഡ് ഉറപ്പ് നൽകുന്നത്. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് ഗ്യാരന്റി നൽകുന്ന ഡിപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ നൽകുന്നതും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ്.
എന്നാൽ സഹകരണ മേഖലയിൽ ഇതിനുപുറമെ പ്രതിന്ധിയിലാകുന്ന സംഘങ്ങളെ സംരക്ഷിക്കാൻ പുനരുദ്ധാരണ നിധി രൂപീകരിച്ചു.1200 കോടി രൂപയാണ് പുനരുദ്ധാരണ നിധിക്കായി സജ്ജമാക്കിയിരിക്കുന്നത്. സഹകരണ വികസന ക്ഷേമനിധി ബോർഡിൽനിന്ന് ധനസഹായം നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ഇതൊക്കെ തമസ്കരിച്ചാണ് സഹകരണമേഖലയിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന വസ്തുതാവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ പണം ഇടാക്കുന്ന നടപടികൾ തുടർന്നു. നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കാൻ ജില്ലയിലെ ബാങ്കുകൾ ചേർന്ന് കൺസോഷ്യം രൂപീകരിച്ച് 20 കോടി രൂപ നൽകി ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയി.
സഹകരണ വികസന ക്ഷേമനിധി ബോർഡിൽനിന്ന് അഞ്ചുകോടി രൂപയും റിസർവ് ഫണ്ടിൽനിന്ന് രണ്ടു കോടിയും കരുവന്നൂർ ബാങ്കിന് നൽകി. പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിച്ച് ജനങ്ങൾക്ക് പണം നൽകുന്നതിനാണ് ഈ സഹായങ്ങൾ നൽകിയതെന്നും മന്ത്രി അറിയിച്ചു.