ഇടുക്കി
സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതിബില്ലിനെതിരെ ഗവർണർക്ക് നിവേദനം നൽകിയവർക്ക് നിക്ഷിപ്ത താൽപര്യം. ഫാർമേഴ്സ് ആൻഡ് ഫ്രീഡം മൂവ്മെന്റ് എന്ന സംഘടനയും ചില പരിസ്ഥിതിവാദികളും ചേർന്നാണ് നിവേദനം നൽകിയത്. ഇതിന് ഇടുക്കി എംപിയടക്കം ചില കോൺഗ്രസ് നേതാക്കളുടെയും രഹസ്യപിന്തുണയുണ്ട്.
ഡീൻ കുര്യക്കോസ് എംപി ഏകകണ്ഠമായി ബില്ലിനെതിരെ തുടക്കംമുതൽ നിലപാടെടുത്തിരുന്നു. നിയമഭേദഗതി പാടില്ലെന്നും ചട്ടം കൊണ്ടുവന്നാൽ മതിയെന്നുമാണ് നിവേദനക്കാരുടെ പ്രധാന ആവശ്യം. ക്രമവൽക്കരണം മാത്രം മതിയെന്നും വാദിക്കുന്നു. ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിയമഭേദഗതിയാണ് ഹൈക്കോടതി ഉൾപ്പെടെ നിർദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാർ നിയമം പാസാക്കിയത്. 1964ൽ കോൺഗ്രസ് നേതാവ് ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ കേരളാ ഭൂപതിവ് ചട്ടത്തിലെ നാലാംചട്ടമാണ് ജില്ലയിലെ നിർമാണമേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് കാരണമായത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന 1993ലെ വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കൽ പ്രത്യേക ചട്ടങ്ങളും ഭൂപ്രശ്നം സങ്കീർണമാക്കി. 1964ലെയും 1993 ലെയും ഭൂമിപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടുന്ന ഭൂമി കൃഷിക്കും വീട് നിർമാണത്തിനും മാത്രമേ ഉപയോഗിക്കാനാവൂ. മറ്റാവശ്യങ്ങൾ അനുവദിക്കില്ല.ഇതിന്റെ ചുവടുപിടിച്ചുള്ള 2010 ലെ ഹൈക്കോടതിവിധിയാണ് ജില്ലയിലെ പ്രശ്നങ്ങൾ വഷളാക്കിയത്. ഇത് മറികടക്കാനാണ് നിയമം കൊണ്ടുവന്ന് ചട്ടം ഭേദഗതിചെയ്യുന്നത്. എന്നാൽ ചട്ടഭേദഗതിക്ക് കാത്തുനിൽക്കാതെ ചില കൈയേറ്റ ലോബിയുമായി ബന്ധമുള്ള സംഘടനകളും കൂട്ടാളികളും ചേർന്നാണ് കർഷകർക്കെതിരായി ഗവർണർക്ക് നിവേദനം നൽകിയിരിക്കുന്നത്.