തിരുവനന്തപുരം
സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് നടൻ മധുവും പാരമ്പര്യ നെല്ലിനങ്ങളുടെ സംരക്ഷകനായ പത്മശ്രീ ചെറുവയൽ രാമനും അർഹരായി. ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് ഈ പുരസ്കാരമെന്ന് മന്ത്രി ആർ ബിന്ദു പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു.
കല,- -സാഹിത്യം എന്നീ മേഖലയിൽ ശില്പി വത്സൻ കൊല്ലേരിയും ഗായിക മച്ചാട്ട് വാസന്തിയും പുരസ്കാരത്തിന് അര്‍ഹരായി. കായിക മേഖലയിൽ ഡോ. പി സി ഏലിയാമ്മ (പാലക്കാട്), ജി രവീന്ദ്രൻ (കണ്ണൂർ) എന്നിവർക്കാണ് പുരസ്കാരം. 25000 രൂപ വീതമാണ് പുരസ്കാരത്തുക.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് നേടി. മികച്ച കോർപറേഷനായി കോഴിക്കോടും മുനിസിപ്പാലിറ്റിയായി നിലമ്പൂരും ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കരയും (തൃശൂർ) തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷം രൂപയാണ് പുരസ്കാരം.
എലിക്കുളം (കോട്ടയം), അന്നമനട (ആലപ്പുഴ) എന്നിവയെ മികച്ച പഞ്ചായത്തുകളായും തെരഞ്ഞെടുത്തു. 50,000 രൂപയാണ് സമ്മാനം. മികച്ച എൻജിഒയ്ക്കുള്ള പുരസ്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും (വോളന്ററി ഓർഗനൈസേഷൻ ഫോർ സോഷ്യൽ ആക്ഷൻ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ്) മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി. 50,000 രൂപ വീതമാണ് പുരസ്കാരത്തുക. ഈ വർഷം പത്ത് വിഭാഗത്തിലാണ് പുരസ്കാരം. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.