കൊച്ചി
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. തൃശൂർ, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 11 ഇടങ്ങളിലായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന നടന്നു.
എറണാകുളം കുമ്പളത്ത് പിഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് നെട്ടേശേരിൽ മുഹമ്മദ് ജമാൽ, വയനാട്ടിൽ പിഎഫ്ഐ മുൻ സംസ്ഥാന കൗൺസിലംഗം മാനന്തവാടി ചെറ്റപ്പാലം പൂഴിത്തറ അബ്ദുൾ സമദ്, മലപ്പുറത്ത് മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുൾ ജലീൽ, കാരാപ്പറമ്പ് മണ്ണോത്തൊടി ഹംസ, അരീക്കോട് കൊഴക്കോട്ടൂർ കൊടപ്പത്തൂർ ഖാദർ, കാവനൂർ എളയൂർ മുണ്ടക്കാപ്പറമ്പൻ ഹംസ, പുളിക്കൽ പെരിയമ്പലം കുണ്ടേരിത്തൊടി റഫീഖ്, ഊർങ്ങാട്ടിരി മൂർക്കനാട് സ്വദേശി നൂറുൽ അമീൻ, തൃശൂരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന ചാവക്കാട് കടപ്പുറം മുനയ്ക്കകടവ് പോക്കാക്കില്ലത്ത് വീട്ടിൽ അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. വിദേശത്തുനിന്നടക്കമുള്ള സാമ്പത്തിക സഹായത്തിന്റെ ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡെന്നാണ് ഇഡി വിശദീകരണം. വിവിധ ട്രസ്റ്റുകളുടെ മറപറ്റിയാണ് കേരളത്തിലേക്ക് ഫണ്ട് എത്തുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലുൾപ്പെട്ട സംസ്ഥാന നേതാക്കളിൽ പലരും ഡൽഹി ജയിലിലാണുള്ളത്. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധന.