ന്യൂഡൽഹി
മണിപ്പുരിൽ അഭിഭാഷകർ ഏത് വംശജരായാലും അവർക്ക് കോടതിമുമ്പാകെ ഹാജരാകാനും വാദിക്കാനുമുള്ള അവകാശം തടയരുതെന്ന് സുപ്രീംകോടതി. അഭിഭാഷകരെ തടഞ്ഞാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബാർ അസോസിയേഷനുകൾക്ക് മുന്നറിയിപ്പ് നൽകി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം. അഭിഭാഷകർ ഏത് വംശജരാണെന്നത് നോക്കി തടയുന്ന പ്രവണത നിലവിലുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ആനന്ദ്ഗ്രോവറാണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ചുരാചന്ദ്പുർ– ഐസോൾ
ഹെലികോപ്റ്റർ സർവീസ് നാളെമുതൽ
കലാപബാധിത മണിപ്പുരിലെ കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിൽനിന്ന് മിസോറം തലസ്ഥാനമായ ഐസോളിലേക്ക് ഹെലികോപ്റ്റർ സർവീസ് ബുധനാഴ്ച തുടങ്ങും. ചികിത്സ അടക്കം അടിയന്തര ആവശ്യങ്ങൾക്കായി ഇത്തരം സൗകര്യങ്ങളുള്ള ഇംഫാലിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലാണിത്. മണിപ്പുരിൽനിന്ന് നാഗാലാൻഡിലേക്കും മിസോറമിലേക്കും ഹെലികോപ്റ്റർ സർവീസ് നടത്താൻ ആഭ്യന്തരമന്ത്രാലയം ആഗസ്ത് 11ന് അനുമതി നൽകി. സാധാരണക്കാർക്കും നിർധനർക്കും ഹെലികോപ്റ്റർ യാത്രനിരക്ക് താങ്ങാൻ കഴിയില്ല. ഇതിനിടെ, മണിപ്പുരിലെ നോനി ജില്ലയിൽ തീവ്രവാദ സംഘടനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു.