ന്യൂഡൽഹി
ജി20 ഉച്ചകോടിക്ക് ഡൽഹിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും തുർക്കിയ പ്രസിഡന്റ് റസീപ് തയീപ് എർദോഗനും ചരിത്ര പ്രസിദ്ധമായ ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചുവെന്ന് റിപ്പോർട്ട്. സുരക്ഷ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്രത്തിന്റെ ഭാഷ്യം. എന്നാൽ, ഷാഹി ഇമാമുമായി നേതാക്കൾ ചർച്ച നടത്തുന്നത് തടയാനായിരുന്നു വിലക്കെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഉച്ചകോടിയുടെ സമയത്ത് മസ്ജിദിനെ അണിയിച്ചൊരുക്കിയെങ്കിലും പ്രധാന പരിപാടികളൊന്നും നടത്തിയില്ല. ആതിഥേയ രാഷ്ട്രത്തിന്റെ അഭിപ്രായം മാനിച്ച് ഇരുനേതാക്കളും സന്ദർശനം ഒഴിവാക്കി. അതേസമയം മറ്റ് രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഇമാമുമായി ചർച്ച നടത്തുകയും ചെയ്തു. ഉച്ചകോടിക്കെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മാധ്യമങ്ങളെ കാണാനുള്ള അവസരം നിഷേധിച്ചത് വിവാദമായി.