ന്യൂഡൽഹി
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനുപിന്നിൽ ഇന്ത്യ ആണെന്ന ക്യാനഡയുടെ ആരോപണം തെളിഞ്ഞാൽ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാവുമെന്ന് ആഗോള മാധ്യമങ്ങൾ. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോർട്ടുചെയ്യുന്ന സംവിധാനമാണ്. ആരോപണം തെളിയിക്കപ്പെട്ടാൽ പ്രധാനമന്ത്രിയിലേക്ക് വിരൽ ചൂണ്ടപ്പെടും. വൻ നയതന്ത്ര പ്രതിസന്ധിയിലായിരിക്കും കലാശിക്കുക–- ഫ്രഞ്ച് വാർത്താ ശൃംഖലയായ ‘ഫ്രാൻസ് 24- ’വിദഗ്ധരുമായുള്ള അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുചെയ്തു.
ആഭ്യന്തര രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ മോദി ചാരന്മാരെ കൂടുതൽ അക്രമാസക്തരാക്കി. പ്രധാനമന്ത്രി തന്നെ വിദേശരാജ്യങ്ങളിൽ കൊല നടത്താനുള്ള ലൈസൻസ് നൽകി. ദേശീയ താൽപ്പര്യങ്ങളെന്ന വ്യജേന നടത്തുന്ന പ്രവർത്തനങ്ങൾ അപകടം വിളിച്ചുവരുത്തുമെന്നും റിപ്പോർട്ട് മുന്നറയിപ്പ് നൽകുന്നു.
|
അന്വേഷണത്തോട് മോദി സഹകരിക്കുന്ന ലക്ഷണമില്ലെന്നും പകരം അപകടം പിടിച്ച ദേശീയത ആളിക്കത്തിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ‘ന്യൂയോർക്ക് ടൈംസ്- ’ റിപ്പോര്ട്ട്ചെയ്തു. മുസ്ലിം ജിഹാദികളിൽനിന്നും സിഖ് വിഘടനവാദികളിൽനിന്നും ഹിന്ദു ഭൂരിപക്ഷത്തിന്റെ സംരക്ഷകനായി സ്വയം ചിത്രീകരിക്കാനാവും മോദി ശ്രമിക്കുന്നത്. ഇന്തോ–-പസഫിക്കിലെ താൽപ്പര്യവും ചൈന വിരോധവും കണക്കിലെടുത്ത് അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആശങ്ക പങ്കുവച്ചുവെങ്കിലും പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടേക്കില്ലെന്നും ടൈംസ് വിലയിരുത്തുന്നു. മോദിയുടെ അടിച്ചമർത്തലുകൾക്കെതിരെ ഇതുവരെ ശബ്ദമുയർത്താൻ തയ്യാറാകാത്ത പാശ്ചാത്യ രാഷ്ട്രങ്ങൾ ക്യാനഡയുടെ ആരോപണം തെളിഞ്ഞാൽ നിലപാട് മാറ്റുമെന്ന് ‘ഫിനാൻഷ്യൽ ടൈംസ്- ’ ചൂണ്ടിക്കാട്ടി.