ഭുവനേശ്വർ> ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) വിദ്യാർഥിക്ക് ഹോസ്റ്റൽ ഭക്ഷണത്തിൽനിന്ന് ചത്ത തവളയെ കിട്ടി. ഇന്ത്യയിലെ എൻജിനിയറിങ് കോളേജുകളിൽ 42–-ാം സ്ഥാനത്തുനിൽക്കുന്ന കെഐഐടിയിൽനിന്ന് ബിരുദം നേടാൻ ഏകദേശം 17.5 ലക്ഷം രൂപയോളം ചെലവു വരുമ്പോഴാണ് വൃത്തിഹീനമായ ഭക്ഷണം നൽകുന്നതെന്ന് ഭക്ഷണത്തിൽനിന്ന് തവളയെ കിട്ടിയ ആര്യാൻഷ് എന്ന വിദ്യാർഥി സമൂഹമാധ്യമത്തിൽ കുറിച്ചു.
തുടർന്ന് നിരവധി പേരാണ് സ്ഥാപനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. സ്വകാര്യ കോളേജുകളിൽ ഫൈവ്സ്റ്റാർ ഭക്ഷണം വിദ്യാർഥികൾക്ക് കൊടുക്കുമ്പോൾ മിക്ക സർക്കാർ സ്ഥാപനങ്ങളിലും മോശം ഭക്ഷണമാണ് കുട്ടികൾക്ക് കൊടുക്കുന്നതെന്ന വിമർശം ഉയർന്നു. സംഭവം വിവാദമായതോടെ മെസ് നടത്തിപ്പുകാരന്റെ ഒരു ദിവസത്തെ വേതനം വെട്ടിക്കുറച്ചെന്നും ഇത്തരം സാഹചര്യം ഇനിയുണ്ടാകാതെ ശ്രദ്ധിക്കുമെന്നും കാണിച്ച് കോളേജ് അധികൃതർ കുറിപ്പിറക്കി.