ന്യൂഡൽഹി> ഖലിസ്ഥാൻ വിഘടനവാദിയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ ഖലിസ്ഥാൻ ബന്ധമുള്ള ഇരുപതോളം പേരുടെ സ്വത്ത് എൻഐ കണ്ടുകെട്ടും. ക്യാനഡയ്ക്ക് പുറമേ യുകെ, യുഎസ്, ദുബായ്, പാകിസ്ഥാൻ , ആസ്ത്രലിയ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുന്നവരുടെ പട്ടിക ഏജൻസി തയ്യാറാക്കിക്കഴിഞ്ഞു. വിദേശത്തുനിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ യുഎപിഎ അടക്കമുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് നടപടി.
യുകെയിൽ ഒളിവിൽ കഴിയുന്ന പരംജിത് സിംഗ് പമ്മ, കുൽവന്ത് സിംഗ് മുദ്ര, സുഖ്പാൽ സിംഗ്, സരബ്ജീത് സിംഗ് ബെന്നൂർ, കുൽവന്ത് സിംഗ് ബെന്നൂർ, ഗുർപ്രീത് സിംഗ്,ഗുർമീത് സിംഗ്, കാന്ത, ദുപീന്ദർ ജീത് എന്നിവരുടെയും സ്വത്ത് കണ്ടുകെട്ടും. ഇതിന് പുറമേ യുഎസിലുള്ള ജയ് ധലിവാൾ, ഹർപ്രീത് സിംഗ് , ഹർജപ് സിംഗ്, അമർദീപ് സിംഗ് പൂരേവാൾ, എസ് ഹിമ്മത് സിംഗ് എന്നിവർക്ക് പുറമേ കാനഡയിലുള്ള സിംഗ് റോഡ്, ജതീന്ദർ സിംഗ് ഗ്രെവാൾ എന്നിവരുടെയും സ്വത്ത് കണ്ടുകെട്ടും. പാക്കിസ്ഥാനിലുള്ള രഞ്ജിത് സിംഗ് നീത, വാധ്വ സിംഗ് ബബ്ബർ ദുബായിൽ കഴിയുന്ന ജസ്മീത് സിംഗ് ഹക്കിംസാദ, ഗുർജന്ത് സിംഗ് ധില്ലൺ ആസ്ത്രലിയയിൽ ഒളിവിൽ കഴിയുന്ന ലാഖ്ബീർ എന്നിവരുടെ ഇന്ത്യയിലുള്ള സ്വത്തുക്കളാകും കണ്ടുകെട്ടുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരപ്പട്ടികയിൽപ്പെടുത്തിയവരാണ് ഇവർ.