കോട്ടയം> പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കായിരുന്നുവെന്നും അപ്രതീക്ഷിതമായാണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായതെന്നുമുള്ള ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ പരാമർശത്തിന്റെ വിശദാംശം തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ പുസ്തകത്തിലുള്ള കാര്യമാണത്. അദ്ദേഹത്തിനേ അതറിയാൻ സാധ്യതയുള്ളൂ. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇനി അവസരവുമില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പേരിൽ ഒരാക്ഷേപം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹൈക്കമാൻഡ് നിയോഗിക്കുന്ന നിരീക്ഷകൻ നൽകുന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർലമെന്ററി പാർടി നേതാവിനെ നിശ്ചയിക്കുന്നത്. മല്ലികാർജുൻ ഖാർഗയാണ് അന്ന് പ്രതിനിധിയായി എത്തിയത്. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ല. സീനിയോറിറ്റി മാത്രമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ യോഗ്യത എന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ വാർത്താസമ്മേളനത്തിലുണ്ടായത് ചെറിയ കാര്യമാണ്. അച്ചു ഉമ്മനെ സ്ഥാനാർഥിയാക്കുന്ന കാര്യം അടക്കമുള്ള കാര്യങ്ങളെല്ലാം പാർടി നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.