കൊച്ചി> കുറച്ചുനാൾ മുമ്പാണ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തിരുവനന്തപുരത്ത് അത്താഴവിരുന്ന് നടത്തിയത്. വിരുന്നിലേക്കുള്ള ക്ഷണം ജോർജ് സെബാസ്റ്റ്യൻ എന്ന സുഹൃത്ത് വഴിയാണ് നടൻ ബാബു ആന്റണിക്ക് എത്തുന്നത്. വിരുന്നിനെത്തിയ ബാബു ആന്റണിയെ അടുത്തിരുത്തി മാർ ക്ലീമിസ് പറഞ്ഞു. ‘ഈ ഇരിക്കുന്ന മനുഷ്യൻ എന്റെ ഗുരുവാണ്’. ഇതുകേട്ട ബാബു ആന്റണി ആദ്യം ഞെട്ടി. ഒപ്പം സദസ്സും. തവളച്ചാട്ടം, പുഷ് അപ് എന്നിവയെല്ലാം ശിക്ഷ നൽകിയിരുന്ന കരാട്ടെ ഗുരുനാഥനെ കർദിനാൾ പരിചയപ്പെടുത്തി.
കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല, മലങ്കര കത്തോലിക്കാ സഭയിലെ പാറശാല ബിഷപ് തോമസ് മാർ യൗസേബിയോസ്, തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, സിറോ മലബാർ സഭ മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവരും ബാബു ആന്റണിയുടെ ശിഷ്യന്മാരായിരുന്നുവെന്ന് കർദിനാൾ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് പുണെയിൽ കുറച്ച് വൈദികരെ കരാട്ടെ അഭ്യസിപ്പിച്ചത് ബാബു ആന്റണിയുടെ ഓർമകളിലെത്തി.
പുണെയിലെ കരാട്ടെ മാസ്റ്റർ
ബാബു ആന്റണി പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റിൽ പഠിക്കുന്ന സമയം ചില വൈദികരെ പരിചയപ്പെട്ടു. അവർ വഴി പുണെ പേപ്പൽ സെമിനാരിയിലെത്തി. സ്വരക്ഷയ്ക്കായി വൈദികരും കരാട്ടെ പഠിച്ചുകൂടേ എന്ന ആശയം ബാബു ആന്റണി മുന്നോട്ടുവച്ചു. കുറെപ്പേർ എതിർത്തു. അമ്പതോളം വൈദികർ പഠിക്കാൻ മുന്നോട്ടുവന്നു. ഇവരിൽ അഞ്ചുപേരാണ് പിന്നീട് ബിഷപ്പുമാരായത്. എംഎസ്എഫ്എസ് (മിഷനറീസ് ഓഫ് സെന്റ് ഫ്രാൻസിസ് ഡീസേൽസ്) സുപ്പീരിയർ ജനറൽ ഡോ. എബ്രഹാം വെട്ടുവേലിലും ശിഷ്യനായിരുന്നു. രണ്ടു ബിഷപ്പുമാർകൂടി ശിഷ്യന്മാരാണ്. ഇവരെക്കൂടി കണ്ടെത്തണമെന്നും ബാബു ആന്റണി പറയുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായിരുന്നു കരാട്ടെ പരിശീലനം. നാലുവർഷത്തോളം പരിശീലനം തുടർന്നു. ക്ലാസ് കഴിഞ്ഞ് വൈദികരുമായി ഏറെ നേരം സംസാരിക്കും. സിനിമയും തത്വചിന്തയുമെല്ലാം ചർച്ചയിൽ വിഷയങ്ങളാകും. പുണെയിൽനിന്ന് പഠനം പൂർത്തിയാക്കി ബാബു ആന്റണി മടങ്ങിയതോടെ പരിശീലനം നിന്നു. തുടർന്ന് സിനിമാലോകത്തെ അറിയപ്പെടുന്ന താരമായി. തന്റെ സിനിമകൾ കാണാറുള്ളതായി ബിഷപ്പുമാർ പറഞ്ഞിരുന്നുവെന്നും ബാബു ആന്റണി.
പാലാരിവട്ടം പിഒസിയിൽ കെസിബിസി നാടകമേളയ്ക്ക് എത്തിയപ്പോൾ പാറശാല ബിഷപ് മാർ യൗസേബിയോസ്, കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല, കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ എന്നിവരെ സന്ദർശിച്ച ചിത്രം ബാബു ആന്റണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.