തൃശൂർ> കെപിസിസി നിർവാഹകസമിതി അംഗം അനിൽ അക്കരയുടെ വാർത്താസമ്മേളനത്തിന് തൃശൂർ ഡിസിസി ഓഫീസിൽ വിലക്ക്. സഹകരണ മേഖലയെ തകർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങൾക്ക് സഹായകമാകുന്നതരത്തിൽ തോന്നിയത് വിളിച്ചു പറയുന്ന രീതി കോൺഗ്രസിനുതന്നെ പാരയായതോടെയാണ് വാർത്താസമ്മേളനം വിലക്കിയത്.
വെള്ളിയാഴ്ച അനിൽ അക്കര ഡിസിസി ഓഫീസായ കെ കരുണാകരൻ സപ്തതി മന്ദിരത്തിൽ മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയെങ്കിലും മുൻകൂട്ടി അനുമതി വാങ്ങാത്തതിനാൽ വാർത്താസമ്മേളനം നടത്താൻ അനുവദിച്ചില്ല. തുടർന്ന് ഓഫീസിന്റെ ഉമ്മറത്തുനിന്നാണ് വാർത്താസമ്മേളനം നടത്തിയത്. ശനിയാഴ്ച രാവിലെയും ശ്രമം നടത്തിയെങ്കിലും അനുവദിച്ചില്ല. ഒടുവിൽ തൃശൂരിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ മുതുവറ സി എൻ ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിലാണ് അനിൽ വാർത്താസമ്മേളനം നടത്തിയത്.
നേരത്തേ രാമനിലയത്തിൽ വാർത്താസമ്മേളനം നടത്താൻ ശ്രമിച്ചതും തടഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ഉത്തരവാദിത്തപ്പെട്ട മറ്റുനേതാക്കളും അറിയാതെ വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്ന് അനിലിന് കെപിസിസി നിർദേശം നൽകിയിരുന്നു. ഇതുലംഘിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിനെയാണ് ഡിസിസി നേതൃത്വം തടഞ്ഞത്.