ന്യൂഡൽഹി
പുതിയ പാർലമെന്റിലേക്ക് മാറിയ ചൊവ്വാഴ്ച എംപിമാർക്ക് സർക്കാർ നൽകിയ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് “മതനിരപേക്ഷതയും സോഷ്യലിസവും’ ഒഴിവാക്കിയത് വിവാദമാകുന്നു. ഭരണഘടനയിൽനിന്ന് മതനിരപേക്ഷതയും സോഷ്യലിസവും ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, ആദ്യ ഭരണഘടനയുടെ പകർപ്പാണ് എംപിമാർക്ക് നൽകിയതെന്നും അതുകൊണ്ടാണ് സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കിയതെന്നുമാണ് വിശദീകരണം.
ഭരണഘടനയിൽ മാറ്റംവരുത്താനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു. കൈയെഴുത്തിലുള്ള യഥാർഥ ഭരണഘടനയുടെ പകർപ്പാണ് എംപിമാർക്ക് കൈമാറിയതെന്ന് നിയമമന്ത്രി അർജുൻ രാം മെഘ്വാൾ അവകാശപ്പെട്ടു. ഭരണഘടന തയ്യാറാക്കിയപ്പോൾ ഈ രൂപത്തിലായിരുന്നു. ഭേദഗതികൾ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്–- മെഘ്വാൾ പറഞ്ഞു.
2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതുമുതൽ ഭരണഘടനയിലെ സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾക്കെതിരായി ബിജെപി പലവട്ടം രംഗത്തുവന്നിരുന്നു. 2015ൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ട ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പിലും സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളുണ്ടായിരുന്നില്ല. ഈ വിഷയത്തിൽ ഒരു സംവാദം ഉയർന്നുവരുന്നതിൽ എന്താണ് പ്രശ്നമെന്നായിരുന്നു അന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്ത രവിശങ്കർ പ്രസാദിന്റെ പ്രതികരണം.
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതനിരപേക്ഷതയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രാകേഷ് സിൻഹ 2020ൽ രാജ്യസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ വർഷം സുപ്രീംകോടതിയെ സമീപിച്ചു.