തിരുവനന്തപുരം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രാത്രി അവസാനിക്കുന്നു. ചാന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറും റോവറും ഉണരുമോയെന്ന് ഉടൻ അറിയാം. 17 ദിവസത്തിനുശേഷം മേഖലയിൽ സൂര്യപ്രകാശം പരന്നു തുടങ്ങി. രണ്ടാഴ്ചയിലധികം നീണ്ട അതിശീതാവസ്ഥയെ അതീജീവിച്ച് ഇരു പേടകങ്ങളും വീണ്ടും പ്രവർത്തിക്കുമോ എന്നറിയാൻ വെള്ളിയാഴ്ചവരെ കാക്കണം.
ശീതനിദ്രയ്ക്കുശേഷം ഇരുപേടകങ്ങളെയും ഉണർത്താനുള്ള ശ്രമങ്ങൾക്ക് ബംഗളൂരുവിലെ ഐഎസ്ആർഒ സെന്ററായ ഇസ്ട്രാക്ക് വ്യാഴാഴ്ച തുടക്കമിടും. താപനിലകൂടി പരിഗണിച്ചാകുമിത്. ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക. ബാറ്ററി ചാർജായതിന് ശേഷമാകുമിത്. റോവറുമായി സെന്ററിന് നേരിട്ട് ബന്ധപ്പെടാനാകില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള ചില ക്രമീകരണങ്ങൾ റോവറിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ലാൻഡർ പ്രവർത്തിച്ചാൽ മാത്രമേ ആശയവിനിമയം സാധ്യമാകുകയുള്ളൂ. ലാൻഡറിൽനിന്ന് നൂറു മീറ്റർ അകലെയാണ് നിലവിൽ റോവർ. ഇരുപേടകങ്ങളുടെ സൗരോർജ പാനലുകൾ സൂര്യപ്രകാശം ആദ്യം എത്തുന്ന ദിക്കിലേക്ക് സ്ലീ്പ്പ് മോഡിലാക്കും മുമ്പുതന്നെ ക്രമീകരിച്ചിരുന്നു. പേടകത്തിലെ ഉപകരണങ്ങളും സോഫ്റ്റ്വെയറും പ്രവർത്തനക്ഷമമാണോ എന്ന് അറിയാനായിട്ടില്ല.
ഭൂമിയിലെ 14 ദിവസം വീതമാണ് ചന്ദ്രനിലെ പകലും രാത്രിയും. രാത്രികാലത്ത് ദക്ഷിണധ്രുവത്തിൽ താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിലും താഴാറുണ്ട്. കഴിഞ്ഞമാസം 23ന് സോഫ്റ്റ് ലാൻഡ് ചെയ്ത ലാൻഡറും റോവറും ദക്ഷിണധ്രുവത്തെ പറ്റി നിരവധി വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചിരുന്നു.