കുവൈത്ത് സിറ്റി> സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ സമീപകാല കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ 2.43 ദശലക്ഷം പ്രവാസികൾ കുവൈത്തിൽ താമസിക്കുന്നുണ്ട്. ലോകത്തെ 174 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഇതിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, 2022 ഡിസംബർ അവസാനത്തോടെ, മൊത്തം പ്രവാസികളുടെ എണ്ണം 2.34 ദശലക്ഷമായിരുന്നു.
2023 ജൂൺ അവസാനത്തിൽ പൗരന്മാരും വീട്ടുജോലിക്കാരും ഉൾപ്പെടെ പ്രാദേശിക തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികൾ ഏകദേശം 2.877 ദശലക്ഷമാണ്. ഇത് 2022 ഡിസംബർ അവസാനം 2.79 ദശലക്ഷമായിരുന്നു. പ്രാദേശിക വിപണിയിൽ 30.2% തൊഴിലാളികളുള്ള ഇന്ത്യക്കാരാണ് ഏറ്റവും വലിയ പ്രവാസി സമൂഹം. 2023 ജൂൺ അവസാനത്തോടെ ആകെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഏകദേശം 869,820. തൊഴിൽ വിപണിയിൽ 483,450 തൊഴിലാളികളുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും കുവൈത്ത് പൗരന്മാർ 447,060 തൊഴിലാളികളുമായി പ്രാദേശിക തൊഴിൽ വിപണിയിൽ മൂന്നാം സ്ഥാനത്തുമാണ്. 2 69,480 തൊഴിലാളികളുമായി ഫിലിപ്പീൻസ് നാലാം സ്ഥാനത്തും 248,920 തൊഴിലാളികളുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുമാണ്.
ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള കുവൈത്തിലെ മൊത്തം തൊഴിലാളികൾ 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 52,000 വർദ്ധിച്ചതായും , ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 4,850 വർദ്ധനവും രേഖപ്പെടുത്തിയതായ് കണക്കുകൾ പറയുന്നു.