അബുദാബി -> മുൻവർഷത്തെ അപേക്ഷിച്ച് യുഎഇയുടെ ബഹിരാകാശ മേഖലയിലെ മൊത്തം ചെലവിൽ 6.61 ശതമാനം വർധനവുണ്ടായതായി യുഎഇ സ്പേസ് ഏജൻസിയും ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും ചേർന്ന് നടത്തിയ 2021-ലെ സ്പേസ് ഇക്കണോമിക് സർവേ വെളിപ്പെടുത്തുന്നു.
ദേശീയ ബഹിരാകാശ മേഖലയുടെ പ്രകടനം വിലയിരുത്തുന്നതിനും പ്രതിഭകൾക്കും നിക്ഷേപത്തിനും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് സർവേ. യുഎഇ സ്പേസ് ഏജൻസി ചെയർപേഴ്സൺ സാറ അൽ അമീരി, ഫെഡറൽ കോംപറ്റീറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ ഹനാൻ അൽ അഹ്ലി എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്.
സർക്കാർ ചെലവ് 55.7 ശതമാനവും വാണിജ്യ ചെലവ് 44.3 ശതമാനവുമാണ്. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി) ചെലവിൽ 14.8 ശതമാനം വർധനയുണ്ടായി, ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ആർ ആൻഡ് ഡി മൊത്തം തുകയുടെ 76.8% ആണ്. ബഹിരാകാശ മേഖലയിലെ തൊഴിലാളികളുടെ 38.5% എമിറാത്തി പൗരന്മാരാണ്, കൂടാതെ 59.2% ജീവനക്കാരും എമിറാത്തി യുവാക്കളാണെന്നും സർവേ വ്യക്തമാക്കുന്നു.
ബഹിരാകാശവുമായി ബന്ധപ്പെട്ട സംഘടനകൾ നൽകുന്ന സേവനങ്ങളിൽ നിന്നും ആപ്ലിക്കേഷനുകളിൽ നിന്നും പ്രയോജനം നേടുന്ന സ്ഥാപനങ്ങളിൽ 54.4% യുഎഇയിൽ അധിഷ്ഠിതമാണെന്നും ആശയവിനിമയ മേഖലയാണ് ഏറ്റവും വലിയ ഗുണഭോക്താവെന്നും സർവേ വെളിപ്പെടുത്തുന്നു. കൂടാതെ, ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ 83.6 ശതമാനം വർധനവ് സർവേ കണ്ടെത്തി.