തിരുവനന്തപുരം
കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ സഹകരണമേഖലയെ ഒന്നാകെ ആക്ഷേപിക്കുന്ന നിലയിലുള്ള ഇടപെടലുകളുണ്ടാകുന്നു. ഇതിന്റെ ഭാഗമായാണ് ചില ഏജൻസികളുടെ നീക്കം. സുതാര്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെയടക്കം അപകീർത്തിപ്പെടുത്തുകയാണ്.
നോട്ട് നിരോധന ഘട്ടത്തിൽ സംസ്ഥാനത്തെ സഹകരണമേഖലയെ മൊത്തത്തിൽ തകർക്കാനുള്ള നീക്കം നടന്നു. ഇവിടത്തെ സഹകരണമേഖലയെ ഉന്നമിട്ട ചില ശക്തികൾ നേരത്തെതന്നെ ഉണ്ടെന്നതിന്റെ തെളിവായിരുന്നു അത്. അന്ന് എല്ലാവരും ഒന്നായി അതിനെ എതിർത്തു. ഏതെങ്കിലുമൊരു ബാങ്കിൽ ക്രമക്കേടുണ്ടായാൽ, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആരും എതിരുനിന്നിട്ടില്ല. തൃശൂരിലെ ഒരു ബാങ്കിലുണ്ടായ ക്രമക്കേടിൽ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണവും മികച്ച നിലയിലാണ്. പക്ഷേ, അതിന്റെ മറവിൽ രാഷ്ട്രീയ പ്രവർത്തകരെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളുണ്ടാകുന്നു. ഇത് സിപിഐ എമ്മിനെമാത്രം ബാധിക്കുന്ന പ്രശ്നമായി കാണേണ്ടതില്ല. സംസ്ഥാനത്ത് ഈ മേഖലയെ നിലവിലെ രീതിയിൽ തുടരാൻ അനുവദിച്ചുകൂടെന്നൊരു ചിന്ത ചില കേന്ദ്രങ്ങളിലുണ്ട്. അതിന്റെ ഭാഗമാണിത്. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായിത്തന്നെ യോജിച്ചുനിന്ന് പ്രവർത്തിക്കുന്നതാണ് കേരളത്തിലെ സഹകരണമേഖലയുടെ പ്രത്യേകത. ആ യോജിപ്പ് ഇവിടെയും ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹകരണമേഖലയ്ക്ക് വലിയതോതിലുള്ള ആപത്ത് സംഭവിക്കാനിടയുണ്ട്. സ്വാഭാവികമായും സഹകാരികൾ അത് ചോദ്യം ചെയ്യാൻ തയ്യാറാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.