ടൊറന്റോ
ജൂൺ 18ന് ക്യാനഡയിലെ വാൻകൂറിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ എന്‍ഐഎ തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ടയാൾ. ജലന്ധറിലെ ഭർസിങ്പുര ഗ്രാമക്കാരനായ നിജ്ജാർ പ്ലംബറായി 1997ലാണ് ക്യാനഡയിൽ എത്തിയത്. അവിടെവച്ച് ജഗ്ജതർ സിങ് താര നയിച്ച ബബ്ബാർ ഖൽസ ഇന്റർനാഷണലിൽ അംഗമായതോടെയാണ് ഖലിസ്ഥാൻ– അനുകൂല വിഘടനവാദ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. പിന്നീട് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് രൂപീകരിച്ചു.
ഇന്ത്യയിലെ ഖലിസ്ഥാൻ അനുകൂല സംഘങ്ങൾക്ക് ധനസഹായം എത്തിച്ചതുമായി ബന്ധപ്പെട്ട് നിജ്ജാറിനെതിരെ പത്ത് കേസുണ്ട്. 2007ൽ ലുധിയാനയിൽ ആറുപേർ കൊല്ലപ്പെടുകയും നാൽപ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലും 2009ൽ രാഷ്ട്രീയ സിഖ് സങ്കത് പ്രസിഡന്റ് റുൽദ സിങ്ങിനെ കൊന്നകേസിലും പ്രതിയാണ്. നിജ്ജാറിന്റെ നിർദേശപ്രകാരം ശിവസേനാ നേതാക്കളെ കൊല്ലാനെത്തിയ മൻദീപ് സിങ് ധലിവാൽ 2016ൽ ഇന്ത്യയിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
2020ലാണ് ഇന്ത്യ നിജ്ജാറിനെ തീവ്രവാദ പട്ടികയിൽപ്പെടുത്തിയത്. യുഎപിഎ കുറ്റവും ചുമത്തി. പഞ്ചാബിൽ ഹിന്ദു പുരോഹിതന്റെ വധവുമായി ബന്ധപ്പെട്ട് 2022 ജൂലൈയിലാണ് എൻഐഎ നിജ്ജാറിന്റെ തലയ്ക്ക് പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചത്. ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ ക്യാനഡയിൽ ശക്തമാകുന്നെന്ന ആരോപണം അടുത്തകാലത്തായി കേന്ദ്രസർക്കാർ ഉന്നയിച്ചിരുന്നു.