തൃശൂർ
സിപിഐ എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നാരോപിച്ച് പായുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി നടത്തിയ 54 കോടിയുടെ കുഴൽപ്പണ ഇടപാട് കേസിൽ രണ്ടുവർഷം കഴിഞ്ഞിട്ടും അനക്കമില്ല. ബിജെപി ഉന്നത നേതാക്കളുടെ അറിവോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.40 കോടിയുടെ കുഴൽപ്പണ ഇടപാട് നടന്നതായി കൊടകര കുഴൽപ്പണ കവർച്ചക്കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു. കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാൽ വിശദമായ റിപ്പോർട്ട് കൊച്ചി എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് പൊലീസ് സമർപ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാൽ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകി. എന്നാൽ, ഇതുവരെയും അന്വേഷണമില്ല. മാധ്യമങ്ങളിലും വാർത്തയില്ല.
കുഴൽപ്പണക്കടത്തിന്റെ വിശദാംശങ്ങളും അതിൽ ബിജെപി നേതാക്കളുടെ പങ്കും ഇരിങ്ങാലക്കുട ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസിപി വി കെ രാജു സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഇതിന്റെ പകർപ്പ് ഇഡിക്ക് സമർപ്പിച്ചു. കുഴൽപ്പണ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയിരുന്നതായി എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. ഹൈക്കോടതിയിൽ ഹർജിയും നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്റെ നേതൃത്വത്തിൽ ഒമ്പതുജില്ലകളിൽ പണംവിതരണം നടത്തിയെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിന്റെ അന്വേഷണത്തിലാണ് 53.4 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തിയത്. തൃശൂരിലും കോന്നിയിലും കുഴൽപ്പണം ഇറങ്ങിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹവാല ഇടപാടുകാരനായ ധർമരാജനുമായി സുരേന്ദ്രൻ സംസാരിച്ചതിന്റെ ഫോൺ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്തും പുറത്തുവന്നിരുന്നു.