കുവൈത്ത് സിറ്റി > കുവൈത്തിൽ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 40,000ത്തിലധികം പേർക്ക് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം ജനുവരി 1 മുതൽ സെപ്തംബർ 14 വരെ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കുമുൾപ്പടെ 40,413 യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി.
ഇതേ കാലയളവിൽ യാത്രാ വിലക്ക് നീക്കാൻ 29,463 ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചു. നിശ്ചിത കാലയളവിൽ 57,432 യാത്രാ നിരോധന അഭ്യർത്ഥനകളാണ് മന്ത്രാലയത്തിലേക്ക് വന്നത്. ചെലവുകൾ അടക്കാത്തത്, ജീവനാംശം, ഇൻസ്റ്റാൾമെന്റുകൾ, വൈദ്യുതി, ടെലിഫോൺ ബില്ലുകൾ കുടിശ്ശിക, ട്രാഫിക് ലംഘനങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾക്കാണ് യാത്രാ നിരോധന അപേക്ഷകൾ വന്നത്.