ദുബായ് > യുഎഇയിലെ ഒട്ടുമിക്ക സ്വകാര്യ കമ്പനികളും സെപ്തംബർ 15ന് അവസാനിച്ച പുറം തൊഴിലാളികൾക്കുള്ള ഉച്ച വിശ്രമ നിയമം പാലിച്ചതായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. 96 സ്ഥാപനങ്ങൾ മാത്രമാണ് ഉച്ച വിശ്രമ നിയമം ലംഘിച്ചത്.
നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസ കാലയളവിൽ 113,000-ലധികം ഫീൽഡ് സന്ദർശനങ്ങൾ മന്ത്രാലയം നടത്തി. ഡെലിവറി ഡ്രൈവർമാർക്കായി അടിസ്ഥാന സേവനങ്ങളുള്ള 356 വിശ്രമകേന്ദ്രങ്ങളാണ് നൽകിയിരുന്നത്. മന്ത്രാലയവുമായി സഹകരിച്ച സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൊഹ്സിൻ അൽ നാസി അഭിനന്ദിച്ചു.
തൊഴിലാളികൾക്ക് ശീതളപാനീയങ്ങൾ വിതരണം ചെയ്തും നിയമലംഘന കേസുകൾ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തും മധ്യാഹ്ന ഇടവേള സംരംഭത്തെ പിന്തുണച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.